പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെയും(സി.ഐ.സി) കേന്ദ്ര വിജിലന്‍സ് കമ്മീഷണറെയും(സി.വി.സി) തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും യോഗം ചേര്‍ന്നു.
ചര്‍ച്ചകള്‍ക്കിടയില്‍ ഈ തസ്തികകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു പേരുകളോട് രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിക്കുകയും ചെയ്തു. രേഖാമൂലമാണ് രാഹുല്‍ വിയോജിപ്പ് അറിയിച്ചത്.
അടച്ചിട്ട മുറിയിലായിരുന്നു യോഗം. യോഗം ഒരുമണിക്കൂറും 25 മിനിറ്റും നീണ്ടുനിന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലാണ് രാഹുല്‍ ഗാന്ധി സെലക്ഷന്‍ പാനലുകളുടെ ഭാഗമായത്. സ്വതന്ത്ര സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെക്കുറിച്ച് നേരത്തേയുംഅദ്ദേഹം ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹം തന്റെ വിയോജിപ്പ് ആവര്‍ത്തിക്കുകയായിരുന്നു.അതേസമയം, ഈ പദവികളിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തവരെ കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല.
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പരാതികളും അപ്പീലുകളും കൈകാര്യം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന അപ്പീല്‍ അതോറിറ്റിയാണ് സി.ഐ.സി. മുഖ്യ വിവരാവകാശ കമീഷണറുടെ നിയമനം
മുഖ്യ വിവരാവകാശ കമീഷണറുടെ നിയമനത്തിനായി താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നതിനായി ഡി.ഒ.പി.ടി പത്രങ്ങളിലും വെബ്സൈറ്റ് വഴിയും പരസ്യങ്ങള്‍ നല്‍കുന്നു. വകുപ്പ് ഈ പേരുകള്‍ പട്ടികപ്പെടുത്തി കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിക്ക് അയക്കുന്നു. ഷോര്‍ട്ട്ലിസ്റ്റ് ചെയ്തവരെ പ്രധാനമന്ത്രിയും മറ്റ് അംഗങ്ങളും നയിക്കുന്ന കമ്മിറ്റിക്ക് അയയ്ക്കും. മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 12 (3) പ്രകാരം മുഖ്യ വിവരാവകാശ കമീഷണര്‍, വിവരാവകാശ കമീഷണര്‍ പദവികളിലേക്ക് നിയമിക്കുന്നതിനുള്ള പേരുകള്‍ തിരഞ്ഞെടുക്കുകയും ശിപാര്‍ശ ചെയ്യുകയും ചെയ്യുന്ന പാനലിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയുമാണ് പാനലിലെ മറ്റ് അംഗങ്ങള്‍.
നിലവില്‍ ആനന്ദി രാമലിംഗം, വിനോദ് കുമാര്‍ തിവാരി എന്നീ രണ്ട് വിവരാവകാശ കമ്മീഷണര്‍മാര്‍ മാത്രമേയുള്ളൂ. എട്ട് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 30,838 കേസുകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടുമില്ല.
65 വയസ് തികഞ്ഞതിന് ശേഷം സെപ്റ്റംബര്‍ 13ന് വിരമിച്ച അവസാനത്തെ മുഖ്യ വിവരാവകാശ കമീഷണര്‍ ആയിരുന്നു ഹീരാലാല്‍ സമരിയ. 2023 നവംബര്‍ ആറിന് അദ്ദേഹം സി.ഐ.സിയിലേക്ക് നിയമിപ്പെട്ടു.
മെയ് 21ന് നല്‍കിയ പരസ്യത്തിന് മറുപടിയായി മുഖ്യ വിവരാവകാശ കമീഷണര്‍ സ്ഥാനത്തേക്ക് 83 അപേക്ഷകള്‍ ലഭിച്ചതായി പേഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ആക്ടിവിസ്റ്റ് കൊമോഡോര്‍ ലോകേഷ് ബത്രക്ക് (റിട്ടയേര്‍ഡ്) നല്‍കിയ വിവരാവകാശ മറുപടിയില്‍ സൂചിപ്പിച്ചിരുന്നു.
സി.ഐ.സിയിലെ ഇന്‍ഫര്‍മേഷന്‍ കമീഷണര്‍മാരുടെ ഒഴിവുകളിലേക്ക് 161 അപേക്ഷകള്‍ ലഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."