നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നൂറ്ശതമാനം നീതി ഉറപ്പാക്കാൻ ശക്തമായ തെളിവുകൾനിരത്തി അപ്പീൽനൽകാൻ പ്രോസിക്യൂഷൻ. വിധിപ്പകർപ്പ് വിശദമായി പരിശോധിച്ചശേഷമായിരിക്കും അപ്പീൽ നൽകുക. കേസിൽ നടൻ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. മുഖ്യപ്രതിയായ പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകളുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നു. പൾസർ സുനിയുടെയും ദിലീപിന്റെയും ഒരുമിച്ചുള്ള ഫോട്ടോകളും പൾസർ സുനി ജയിലിൽവച്ച് സഹതടവുകാരനെക്കൊണ്ട് ദിലീപിനെഴുതിച്ച കത്തും ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ദിലീപും പൾസർ സുനിയും തൃശൂരിലെ ടെന്നീസ്അക്കാദമിയിലും സിനിമാലൊക്കേഷനിലും ഒരുമിച്ച് എത്തിയത്. ഈ അവസരത്തിലെടുത്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ദിലീപിൻ്റെ കാരവന് സമീപം പൾസർ സുനി നിൽക്കുന്നചിത്രവുമൊക്കെയാണ് പ്രോസിക്യൂഷൻ ഇവർ തമ്മിലുള്ളബന്ധത്തിന് തെളിവായി പറയുന്നത്.
സംഭവം നടന്ന അതേവർഷം ഏപ്രിൽ 12ന് ദിലീപിന് നൽകാനായി പൾസർ സുനി ജയിലിൽവച്ച് സഹതടവുകാരനായ വിപിൻലാലിനെക്കൊണ്ട് കത്ത് എഴുതിപ്പിച്ചതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഇരുവരും തമ്മിലുള്ള ബന്ധത്തിന് തെളിവായി പറയുന്നു. നടിആക്രമിക്കപ്പെട്ട ദിവസം ദിലീപിൻ്റെ ഫോൺ രാവിലെ11 മുതൽ രാത്രി 9.30വരെ സ്വിച്ച് ഓഫ് ആയതിൻ്റെ രേഖകളും പ്രോസിക്യൂഷൻ്റെ കൈവശമുണ്ട്. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം രാത്രി ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനിയുള്ള ലൊക്കേഷനിലാണ് അപ്പുണ്ണിയുടെ ഫോണുമുള്ളത്. ഈ ഫോണിൽ നിന്ന് ദിലീപിന്റെ സഹോദരിയെയും ആലുവയിലെ കുടുംബഡോക്ടറെയും വിളിച്ചതായും ഫോൺവിളിരേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അപ്പുണ്ണി വിളിക്കാറില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുമ്പ് പനിബാധിച്ച് ഈ ഡോക്ടറുടെ ആശുപത്രിയിൽ ദിലീപ് അഡ്മിറ്റായതായി രേഖയുണ്ട്. എന്നാൽ, ഇത് ഡോക്ടർ പറഞ്ഞ പ്രകാരം പിന്നീട് എഴുതിത്തയാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരി മൊഴി നൽകിയിരുന്നു. അപ്പുണ്ണിയുടെ മൊബൈലിൽ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
നടി അതിക്രമത്തിനിരയായതായി താൻ അറിയുന്നത് നിർമാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപിൻ്റെ മൊഴി. എന്നാൽ, അതിനുമുമ്പേ ആക്രമിക്കപ്പെട്ട വാർത്ത ദിലീപിന്റെ മൊബൈലിൽ ലഭിക്കുകയും കാണുകയും ചെയ്തതായി ഫോൺപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തിനുശേഷം പൾസർ സുനി നടി കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തിയതിനും ഇതിന് സാക്ഷിയായ ജീവനക്കാരൻ സാഗർ വിൻസന്റിനെ സ്വാധിനിച്ച് മൊഴി മാറ്റിയതിനും തെളിവുണ്ട്. സുനി ജയിലിൽനിന്ന് നാദിർഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ദിലീപിനെ കേസുമായി ബന്ധിപ്പിക്കാനുള്ള വ്യക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷൻ പറയുന്നു. കേസിൽ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്ന രേഖകൾ ശരിയായ രീതിയിൽ വിചാരണക്കോടതി വിലയിരുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും അപ്പീൽ നൽകുക. ദിലീപിനെതിരേ 19 തെളിവുകളാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."