ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും
കണ്ണൂര്‍: എല്‍.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തത്.
ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്തത് ചിലത് നടന്നെന്നും അതില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാരല്ലായിരുന്നെങ്കില്‍ ഈ വിഷയത്തില്‍ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികള്‍ക്കറിയാം. അതുകൊണ്ടുതന്നെ സര്‍ക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം എല്‍.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്ന് പറഞ്ഞ സണ്ണി ജോസഫ് പ്രതികള്‍ക്ക് സി.പി.എം സംരക്ഷണം നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരുമെന്നും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലബാറില്‍ പോളിംഗ് ശതമാനം കൂടുമെന്നും അത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും സജീവമായി. പലയിടത്തും നീണ്ട നിരകളാണ് കാണുന്നത്. വൈകീട്ട് ആറുവരെയാണ് പോളിങ്.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 604 വാര്‍ഡുകളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെയാണ്. വാശിയേറിയ പ്രതാണം നടന്ന വോട്ടെടുപ്പിന്റെ ഫലം ശനിയാഴ്ച അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."