മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: 1996ല്‍ ലഹരിമരുന്ന് പിടികൂടിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) ആക്ടിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐ.പി.സി) വിവിധ വ്യവസ്ഥകള്‍ പ്രകാരം ഗുജറാത്ത് കോടതി കഴിഞ്ഞ വര്‍ഷം ഭട്ടിനെ ശിക്ഷിച്ചിരുന്നു. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ട് നിലവില്‍ ജയിലില്‍ കഴിയുകയാണ്.
പാലന്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായി ആരോപിച്ച് 1996 ല്‍ ബനസ്‌കന്ത പൊലിസ് രാജസ്ഥാന്‍ ആസ്ഥാനമായുള്ള അഭിഭാഷകനായ സുമര്‍ സിംഗ് രാജ്പുരോഹിതിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് ഈ എന്‍.ഡി.പി.എസ് കേസ്. അന്ന് ഭട്ട് പാലന്‍പൂരിലെ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയായിരുന്നു.
കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട രാജ്പുരോഹിത്, പിന്നീട് ഭട്ടിനെയും മറ്റ് പൊലിസ് ഉദ്യോഗസ്ഥരെയും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ മയക്കുമരുന്ന് കുഴിച്ചിട്ടതായി ആരോപിച്ചു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്ന് ആരോപിക്കപ്പെട്ടു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലിസ് ഇന്‍സ്പെക്ടറായ ഐ.ബി വ്യാസ് 1999ല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2018 സെപ്തംബറിലാണ് ഭട്ടിനെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
28 വര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസിലെ വിചാരണ മറ്റൊരു സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികള്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹരജി തള്ളിയ സുപ്രിംകോടതി വിചാരണ നടത്തുന്ന കീഴ്ക്കോടതി ജഡ്ജിക്കെതിരെ പക്ഷപാതം ആരോപിച്ചതിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരായ കേസുകള്‍ സര്‍ക്കാര്‍ സജീവമാക്കിയത്. 20 വര്‍ഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജിക്കാരനായ പൊലിസ് ഇന്‍സ്പെക്ടര്‍ ഐ.ബി വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."