പരിഗണന വി.ഐ.പികൾക്കു മാത്രം: സാധാരണക്കാർ ആർക്കും പ്രധാനമല്ല; സൂരജ് ലാമയുടെ മരണത്തിൽ ഹൈക്കോടതി
കൊച്ചി: മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ എന്നു ഹൈക്കോടതി. കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാനില്ലെന്നു കാണിച്ച് മകൻ സന്ദൻ ലാമ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി വാക്കാലുള്ള പരാമർശം നടത്തിയത്.
''ഗാന്ധിജി നാവിലുണ്ടെങ്കിലും ഹൃദയത്തിലില്ല. സൂരജ് ലാമയുടെ കാര്യത്തിൽ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വി.ഐ.പികൾക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാർ ആർക്കും പ്രധാനമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പൊലിസിന്റെ രേഖ എവിടെയെന്നു കോടതി ചോദിച്ചു.
പൊലിസ് സൂരജ് ലാമയെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവറാണ് ഒ.പി ടിക്കറ്റ് എടുത്തത് എന്നാണ് മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആരും കൂടെപ്പോയില്ല. ആരാണ് ആംബുലൻസിന് പണം നൽകിയത്? അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചുരുക്കത്തിൽ, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു. കൊല്ലാൻ വേണ്ടി കൊണ്ടുവന്നപോലെ എന്നു മുൻപു പറഞ്ഞത് ആവർത്തിക്കേണ്ടി വരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. കളമശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിൽ ഫൊറൻസിക് ഫലം ഹാജരാക്കാനും കോടതി നിർദേശിച്ചു. സൂരജ് ലാമയുടെ കാര്യത്തിൽ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് നൽകിയ മറുപടിയിൽ ഇനിയും ചോദ്യങ്ങൾ ബാക്കിയാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."