ബൈറോൺ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരവിച്ച് മരിച്ചു; ലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
ഗസ്സ: പശ്ചിമേഷ്യയിൽ വീശിയടിച്ച ബൈറോൺ ശൈത്യ കൊടുങ്കാറ്റ് ഗസ്സയെ കടുത്ത ദുരിതത്തിലാക്കി. ഖാൻ യൂനിസിൽ എട്ട് മാസം മാത്രം പ്രായമുള്ള റഹാഫ് അബു ജസാർ എന്ന കുഞ്ഞ് മരവിച്ച് മരിച്ചതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. കനത്ത മഴയിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലുള്ള ശീതക്കാറ്റിലും ടെന്റുകൾ തകരുകയും ക്യാമ്പുകളിൽ വെള്ളം കയറുകയും ചെയ്തു.
റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ റഹാഫിന്റെ കുടുംബം താമസിച്ചിരുന്ന ടെന്റ് വെള്ളത്തിൽ മുങ്ങി. ഉറങ്ങാൻ കിടന്ന കുഞ്ഞ് പുലർച്ചെ തണുപ്പേറ്റ് മരവിക്കുകയായിരുന്നു. "മഴയും കാറ്റും ഏറ്റ് എന്റെ മകൾ മരിച്ചു," റഹാഫിന്റെ മാതാവ് ഹെജാർ അബു ജസാർ വേദനയോടെ പറഞ്ഞു.
ടെന്റുകൾ തകർന്നു, ആരോഗ്യ ദുരന്ത മുന്നറിയിപ്പ്
ലക്ഷക്കണക്കിന് ഫലസ്തീനീ കുടുംബങ്ങളാണ് ഗസ്സയിൽ ദുർബലമായ ടെന്റ് ക്യാമ്പുകളിൽ അഭയം തേടുന്നത്. കൊടുങ്കാറ്റിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,500-ലധികം സഹായ അഭ്യർത്ഥനകളാണ് സിവിൽ ഡിഫൻസ് ഏജൻസിക്ക് ലഭിച്ചത്. ഗസ്സ സിറ്റിയിൽ മൂന്ന് കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്.
പ്രളയവും മോശം ശുചിത്വ സാഹചര്യങ്ങളും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് ഫലസ്തീനിലെ യുണിസെഫ് കമ്മ്യൂണിക്കേഷൻ മേധാവി ജോനാഥൻ ക്രിക്സ് മുന്നറിയിപ്പ് നൽകി. കുട്ടികൾ നഗ്നപാദരായി ക്യാമ്പുകളിൽ അലഞ്ഞുനടക്കുന്നത് വരാനിരിക്കുന്ന ആരോഗ്യ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൈപ്പോഥെർമിയ (ശരീര താപനില കുറഞ്ഞ് മരണം) മൂലം കൂടുതൽ കുട്ടികൾ മരിക്കാമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവും മുന്നറിയിപ്പ് നൽകി.
അതിശൈത്യത്തിലും ദുരിതത്തിലായ ജനങ്ങൾക്കുള്ള സഹായം എത്തിക്കുന്നതിൽ ഇസ്റാഈൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തടസ്സമുണ്ടാക്കുന്നുണ്ട്. ഇസ്റാഈൽ ആക്രമണം തുടങ്ങിയ ശേഷം വെറും 15,600 ടെന്റുകൾ മാത്രമാണ് ഗസ്സയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ (NRC) അറിയിച്ചു. ഏകദേശം 1.29 ദശലക്ഷം ആളുകൾക്ക് അഭയം ആവശ്യമുള്ള പ്രദേശമാണിത്. ടെന്റുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, ശുചിത്വ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായി 6,500-ൽ അധികം ട്രക്കുകൾ ഇസ്റാഈലിന്റെ അനുമതിക്കായി അതിർത്തിയിൽ കാത്തിരിക്കുകയാണെന്ന് ബി'സെലം എന്ന ഇസ്റാഈലി അവകാശ സംഘടന പറയുന്നു.
the byron winter storm has intensified the humanitarian crisis in gaza, where an eight-month-old baby reportedly died from severe cold conditions. millions of families continue to struggle without adequate shelter, heat, and essential supplies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."