പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ
തിരുവനന്തപുരം: പത്തനംതിട്ടയില്‍ രാഷ്ട്രപതി എത്തിയപ്പോള്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപയെന്ന് എസ്റ്റിമേറ്റ്. ഹെലിപ്പാഡ് നിര്‍മിച്ച കരാറുകാരന്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കിയ എസ്റ്റിമേറ്റാണിത്. പത്തനംതിട്ട പ്രമാടത്താണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനോടനുബന്ധിച്ച് മൂന്ന് ഹെലിപ്പാഡുകള്‍ നിര്‍മിച്ചത്. ബില്ല് പൊതുമരാമത്ത് വകുപ്പ് വകുപ്പ് സര്‍ക്കാറിന് ഭരണാനുമതിക്കായി സമര്‍പ്പിച്ചതോടെയാണ് തുക പുറത്തുവന്നത്. മൂന്ന് താത്കാലിക ഹെലിപാഡ് തയാറാക്കാന്‍ 20.7 ലക്ഷമാണ് ചെലവായത്. വി.ഐ.പി വിസിറ്റ് ഫണ്ടില്‍ നിന്നാണ് പണം ചെലവിട്ടത്.
ഒക്ടോബര്‍ 21നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ എത്തിയത്. ശബരിമല ദര്‍ശനമടക്കം നാലു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. തലേന്ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെ 8.40ന് ശബരിമല സന്ദര്‍ശനത്തിനായി ഹെലികോപ്ടറില്‍ വന്നിറങ്ങുകയായിരുന്നു. ഹെലികോപ്ടര്‍ നിലക്കലില്‍ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലിപാഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. കോണ്‍ക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയര്‍ താഴ്ന്നു പോകാനിടയാക്കിയത്.
രാഷ്ട്രപതിക്ക് സുരക്ഷിതമായി തന്നെ ഇറങ്ങാന്‍ സാധിച്ചിരുന്നു. രാഷ്ട്രപതിയുടെ യാത്രക്ക് തടസ്സമൊന്നും നേരിട്ടില്ല. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതോടെ പൊലിസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വലിയ വിവാദമാകുകയും ചെയ്തിരുന്നു.
സംഭവം സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും പൊലിസ് മേധാവിക്കും പരാതി ലഭിച്ചിരുന്നു. അശാസ്ത്രീയ നിര്‍മാണം കാരണമാണ് അപകടമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഹെലികോപ്ടര്‍ യാത്രയുടെ മേല്‍നോട്ടം വ്യോമസേനക്കായിരുന്നു. ലാന്‍ഡിങ് ഉള്‍പ്പെടെ ഭൗതിക സൗകര്യങ്ങള്‍ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു.
a temporary helipad built in patthanamthitta for the president’s helicopter reportedly cost rs 20 lakh, raising questions about expenditure and planning after the structure later subsided
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."