കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മമ്പറത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും പോളിംഗ് ഏജൻ്റിനും നേരെ മുഖംമൂടി സംഘത്തിൻ്റെ ക്രൂരമായ ആക്രമണം. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പലയിടങ്ങളിലും ബൂത്ത് ഏജൻ്റുമാർക്കും സ്ഥാനാർത്ഥികൾക്കും നേരെ സിപിഎമ്മിൻ്റെ അതിക്രമങ്ങൾ ഉണ്ടായി എന്ന പരാതികൾക്കിടയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൻ്റെ വിശദാംശങ്ങൾ
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. വേങ്ങാട് പഞ്ചായത്തിലെ 16-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷീന ടി, പോളിംഗ് ഏജൻ്റായ നരേന്ദ്ര ബാബു എന്നിവരാണ് ആക്രമിക്കപ്പെട്ടത്.നരേന്ദ്ര ബാബു നടത്തുന്ന ജനസേവന കേന്ദ്രത്തിൽ സ്ഥാനാർത്ഥിയും എത്തിയിരുന്നു.ഈ സമയത്താണ് മുഖംമൂടി ധരിച്ച അക്രമിസംഘം സ്ഥലത്തെത്തിയത്.സ്ഥാപനത്തിനകത്തുണ്ടായിരുന്ന സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ശേഷം സംഘം നരേന്ദ്ര ബാബുവിനെ ക്രൂരമായി മർദ്ദിച്ചു. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇവർ നശിപ്പിച്ചു.നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മർദ്ദിച്ചു.സ്ഥാനാർത്ഥിയായ ഷീനയേയും സംഘം മർദ്ദിച്ചതായി കോൺഗ്രസ് നേതാക്കൾ പറയുന്നു.
ജീവനക്കാരി ഉൾപ്പെടെ രണ്ട് സ്ത്രീകൾ സ്ഥാപനത്തിനകത്തുണ്ടായിരുന്നു. ഇവർ ഒച്ചവെച്ച് നിലവിളിക്കുകയും ആളുകൾ ഓടിയെത്തുകയും ചെയ്തതോടെയാണ് അക്രമിസംഘം സ്ഥലത്തുനിന്ന് പോയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പിണറായി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."