നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും
2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ നടന്ന ആക്രമണവും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവവും മലയാള സിനിമ ലോകത്തും പൊതുസമൂഹത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് (സുനിൽ കുമാർ) 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഈ ശിക്ഷാ വിധി ബാധകമാണ്. എട്ട് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷിക്കപ്പെട്ട പ്രതികൾ:
- പൾസർ സുനി (ഒന്നാം പ്രതി)
- മാർട്ടിൻ ആന്റണി (രണ്ടാം പ്രതി)
- ബി. മണികണ്ഠൻ (മൂന്നാം പ്രതി)
- വി.പി. വിജീഷ് (നാലാം പ്രതി)
- എച്ച്. സലീം (അഞ്ചാം പ്രതി)
- പ്രദീപ് (ആറാം പ്രതി)
പ്രതികൾ ഇനി അനുഭവിക്കേണ്ട തടവ്:
- പൾസർ സുനി (ഒന്നാം പ്രതി): ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ, ഇനി 12.5 വർഷം കൂടി തടവ് അനുഭവിച്ചാൽ മതിയാകും.
- മാർട്ടിൻ ആന്റണി (രണ്ടാം പ്രതി): വിചാരണ തടവുകാലം കുറച്ചാൽ 13.5 വർഷം കൂടി തടവിൽ കഴിയേണ്ടി വരും.
- മറ്റുള്ള നാല് പ്രതികൾ: ഇവർക്ക് 15 വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
ഒന്നാം പ്രതിക്ക് ഐടി ആക്‌ട് അനുസരിച്ച് 5 വർഷത്തെ അധിക ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും, എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
പിഴയും കോടതിയുടെ പ്രത്യേക നിർദ്ദേശങ്ങളും
പ്രതികൾ പിഴയൊടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.പിഴത്തുകയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയിൽ നിർദ്ദേശമുണ്ട്.ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിൻ്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സുരക്ഷിതമായി (Safe Custody) സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രോസിക്യൂഷൻ ജീവപര്യന്തം തടവാണ് പ്രതികൾക്ക് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി 20 വർഷം കഠിനതടവ് വിധിക്കുകയായിരുന്നു. 3:30ന് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാലതാമസം കാരണം 4:45ഓടെയാണ് കോടതി വിധി പ്രസ്താവിച്ചത്.
ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി
കേസിലെ മറ്റു പ്രതികളായിരുന്ന നടൻ പി. ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി. ശരത്ത് എന്നിവരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണം
പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും എല്ലാവരും 40 വയസ്സിന് താഴെയുള്ളവരാണെന്നും കോടതി വിധിയിൽ പറയുന്നു. അതേസമയം, അതിജീവിത വലിയൊരു 'ട്രോമ'യിലൂടെയാണ് കടന്നുപോയതെന്നും കോടതി വിധിയിൽ പ്രത്യേകം എടുത്തുപറഞ്ഞു.
ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു. ഈ സമയത്ത് പല പ്രതികളും വികാരാധീനരാവുകയും ശിക്ഷയിൽ ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, പൾസർ സുനിയെക്കുറിച്ച് "ഒരു ദയയും അർഹിക്കുന്നില്ല" എന്ന് കോടതി നേരത്തെ ശക്തമായ പരാമർശം നടത്തിയിരുന്നു.
പൾസർ സുനി (ഒന്നാം പ്രതി): കോടതി സംസാരിച്ചപ്പോഴും ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽ കുമാർ നിന്നത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽ കോടതിയെ അറിയിച്ചു.
മാർട്ടിൻ (രണ്ടാം പ്രതി): ഡ്രൈവറായ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കഴിഞ്ഞതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും മാർട്ടിൻ കോടതിയോട് അപേക്ഷിച്ചു. ഈ കേസിൽ ആദ്യം അറസ്റ്റിലായതും മാർട്ടിനായിരുന്നു.
മണികണ്ഠൻ (മൂന്നാം പ്രതി): താൻ മനസ്സ് അറിഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്നോടും കുടുംബത്തോടും ദയ കാണിക്കണമെന്ന് അപേക്ഷിച്ചു.
വിജീഷ് (നാലാം പ്രതി): കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട വിജീഷ്, തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിൽ ഇടണമെന്നും അപേക്ഷിച്ചു.
വടിവാൾ സലിം (അഞ്ചാം പ്രതി): താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടെന്നും കോടതിയെ അറിയിച്ചു.
പ്രദീപ് (ആറാം പ്രതി): പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."