ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ
തലപ്പുഴ (വയനാട്): കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ ക്രൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് എട്ടര മാസത്തിനകം തന്നെ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യാസിൻ അഹമ്മദ് ഹാജരായി.
സംഭവം നടന്നത്
ഇക്കഴിഞ്ഞ മാർച്ച് 27 ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഗിരീഷിന്റെ ഭാര്യ നാഗി (30), നാഗിയുടെ മുൻ ബന്ധത്തിലെ മകൾ കാവേരി (5), നാഗിയുടെ അമ്മയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. നാഗിയുടെ രണ്ടാമത്തെ ഭർത്താവാണ് ഗിരീഷ്. ഇയാൾ ഒരു വർഷത്തോളമായി നാഗിയോടൊപ്പം താമസിച്ചു വരികയായിരുന്നു.
ക്രൂരകൃത്യത്തിലേക്ക് നയിച്ചത്
കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവർഗ കോളനിയിൽ താമസിച്ചിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. നാഗി മുൻ ഭർത്താവ് സുബ്രഹ്‌മണ്യനുമായി ബന്ധം തുടരുന്നു എന്നാരോപിച്ച് മദ്യപാനിയായ ഗിരീഷ് ദിവസവും വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു.
സംഭവദിവസം വൈകുന്നേരം മദ്യപാനത്തിനായി ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതിനെ തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിച്ച കാവേരിയടക്കമുള്ള മൂന്ന് പേരെയും ഗിരീഷ് വെട്ടിക്കൊന്നു.
പ്രതിയെ പിടികൂടിയതും അന്വേഷണവും
കൊലപാതകം നടന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്കെത്താത്തതിനെ തുടർന്ന് തൊഴിലാളികളോടൊപ്പം തിരഞ്ഞെത്തിയ തോട്ടം ഉടമയാണ് നാഗിയുടെ വീട്ടിൽ നാലുപേരുടെയും മൃതദേഹം കണ്ടത്.
കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഗിരീഷ്, രാത്രി സമീപത്തെ തോട്ടത്തിൽ ഒളിച്ചു. പുലർച്ചെ ഒരു ഓട്ടോറിക്ഷയിൽ വിരാജ്പേട്ടിലെത്തി, അവിടെ നിന്ന് കണ്ണൂർ ഇരിട്ടിയിലേക്കുള്ള ബസിൽ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയ ദിവസം വൈകിട്ട് അഞ്ചുമണിയോടെ വയനാട് തലപ്പുഴയിൽ നിന്നാണ് എസ്പി കെ. രാമരാജൻ്റെ നേതൃത്വത്തിൽ നിയോഗിച്ച പ്രത്യേക പൊലിസ് സംഘം ഗിരീഷിനെ പിടികൂടിയത്.
കേരളത്തിലെത്തിയ ഗിരീഷ്, ഒരു ബാർബർ ഷോപ്പിലെത്തി മുടി പറ്റെ മുറിച്ച് രൂപമാറ്റം വരുത്തിയ ശേഷം ആദ്യ ഭാര്യയുടെ വീട്ടിലെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊന്നംപേട്ട പൊലിസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."