യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ യുവനടൻ അഖിൽ വിശ്വനാഥിനെ (30) മറ്റത്തൂരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അഭിനയരംഗത്ത് ശ്രദ്ധേയനായിരുന്ന അഖിലിന്റെ ആകസ്മിക വിയോഗം സിനിമാ ലോകത്തിനും നാടിനും ഞെട്ടലായി.
2019-ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'ചോല' എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് അഖിൽ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ, പ്രേക്ഷകപ്രശംസ നേടിയ 'ഓപ്പറേഷൻ ജാവ' ഉൾപ്പെടെ മറ്റ് ചില സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
പുരസ്‌കാര നേട്ടം ബാല്യത്തിൽ
ബാലതാരമായും അഖിൽ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോൾ സഹോദരൻ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ പ്രകടനത്തിന് ഇരുവർക്കും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
അഖിലിന്റെ കുടുംബം നിലവിൽ ദുരിതത്തിലാണ്. അച്ഛൻ ചുങ്കാൽ ചെഞ്ചേരിവളപ്പിൽ വിശ്വനാഥൻ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അമ്മ ഗീത കോടാലി വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരഭവനിലെ ജീവനക്കാരിയാണ്.
കോടാലിയിൽ മൊബൈൽ ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഖിൽ കുറച്ചുനാളുകളായി ജോലിക്ക് പോകാറില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനായി ഒരുങ്ങുന്നതിനിടെയാണ് അഖിലിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.
അഖിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണകാരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിയപ്പെട്ട നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മറ്റത്തൂരിലെ നാട്ടുകാരും സുഹൃത്തുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."