പാലക്കാടിന് പുറമെ തൃപ്പൂണിത്തറയിലും മികവ് കാട്ടി ബിജെപി; വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ ഇന്‍ഡ്യ; മുന്നണി ചര്‍ച്ചകളും സജീവം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാടും, തൃപ്പൂണിത്തറയും ബിജെപിക്ക് അനുകൂലമായാണ് വിധിയെഴുതിയത്. രണ്ടിടത്തും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പാലക്കാട് ബിജെപിക്ക് 25 സീറ്റും, തൃപ്പൂണിത്തറയില്‍ 21 സീറ്റുമാണ് ബിജെപി നേടിയത്. രണ്ടിടത്തും കേവല ഭൂരിപക്ഷമില്ലാത്തത് മുന്നണിക്ക് തലവേദനയാണ്.
അതിനിടെ കഴിഞ്ഞതവണ ഭരണം പിടിച്ചെടുത്ത പന്തളം മുനിസിപ്പാലിറ്റിയില്‍ ഇത്തവണ കനത്ത തിരിച്ചടി ബിജെപിക്ക് നേരിടുകയും ചെയ്തു. പന്തളത്ത് 34 സീറ്റില്‍ 14ലും ജയിച്ച് എല്‍ഡിഎഫാണ് മുന്നിലെത്തിയത്. യുഡിഎഫ് 11 വാര്‍ഡില്‍ ജയിച്ചപ്പോള്‍ എന്‍ഡിഎ 9 സീറ്റിലൊതുങ്ങി. 2020ല്‍ 18 സീറ്റുകള്‍ നേടി ബിജെപി ഭരണം പിടിച്ചിടത്താണ്, ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിട്ടത്.
വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ 'ഇന്‍ഡ്യ'
കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണ് പാലക്കാട്. ഭരണം നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമായി മാറിയ തെരഞ്ഞെടുപ്പില്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് ബിജെപിയാണ്. 53 വാര്‍ഡില്‍ 23 എണ്ണമാണ് ബിജെപി നേടിയത്. യുഡിഎഫ് 17 സീറ്റും, എല്‍ഡിഎഫ് 8 സീറ്റും നേടി. മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.
ഈ സാഹചര്യത്തില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായി യുഡിഎഫും, എല്‍ഡിഎഫും കൈകോര്‍ക്കുമോ എന്ന ചര്‍ച്ചകളും വ്യാപകമാവുകയാണ്. സ്വതന്ത്രരെ കൂട്ടി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഇരുമുന്നണികളും രംഗത്തെത്തിയാല്‍ പാലക്കാടിന്റെ ചിത്രം മാറും. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ പ്രതികരണത്തില്‍ സഖ്യ സാധ്യതയുടെ സൂചനകളും നിലനില്‍ക്കുന്നുണ്ട്.
എറണാകുളത്ത് സമാന സ്ഥിതിയാണുള്ളത്. ഇടതുകോട്ടയായ തൃപ്പൂണിത്തറ ഇത്തവണ ബിജെപിക്ക് ഒപ്പമാണ്. 53 വാര്‍ഡില്‍ 21 എണ്ണത്തില്‍ ജയിച്ച് കയറിയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാനായില്ല. ഒറ്റ സീറ്റിന്റെ കുറവില്‍ എല്‍ഡിഎഫ് രണ്ടാമതുണ്ട്. യുഡിഎഫ് 12 സീറ്റുകള്‍ നേടി. ഇവിടെയും ഇന്‍ഡ്യ മുന്നണി സാധ്യതകള്‍ സജീവമായാല്‍ ഇത്തവണയും ബിജെപിയെ പ്രതിപക്ഷത്തിരുത്താം. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു ബിജെപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."