തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം യു.ഡി.എഫിന് 'കൈ'യടി, എൽഡിഎഫിന് കനത്ത പ്രഹരം; ഇനി കണ്ണ് നിയമസഭയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച മുന്നണി ചരിത്ര വിജയം കുറിച്ചു. ഇത് 2010-ലെ തദ്ദേശ വിജയത്തിന് സമാനമായ മുന്നേറ്റമാണെന്നാണ് വിലയിരുത്തൽ. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്.
കോർപ്പറേഷനുകളിൽ ചരിത്ര മുന്നേറ്റം
കഴിഞ്ഞ തവണത്തെ തോൽവിക്ക് പലിശ സഹിതം മറുപടി നൽകിയാണ് യുഡിഎഫ് കോർപ്പറേഷൻ ഭരണത്തിലേക്ക് തിരികെയെത്തിയത്. കണ്ണൂർ നിലനിർത്തിയ യുഡിഎഫ്, കൊച്ചിയും തൃശ്ശൂരും വ്യക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയും ചെയ്തു. ഇതിൽ ഏറ്റവും വലിയ ആഹ്ലാദമായി യുഡിഎഫ് ക്യാമ്പ് കാണുന്നത് കൊല്ലത്ത് ആദ്യമായി മുന്നിലെത്തി എന്ന നേട്ടമാണ്. കോഴിക്കോട്ട് എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നേടുന്നതിൽ തടയിടാവും യുഡിഎഫിന് കഴിഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ നേടാൻ മുന്നണിക്ക് കഴിഞ്ഞു.
നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. 2010-ലെ 582 ഗ്രാമപഞ്ചായത്തുകൾ എന്ന ചരിത്രനേട്ടത്തിലേക്ക് എത്തിയില്ലെങ്കിലും, നിലവിലെ 349-ൽ നിന്ന് 500-ൽ അധികം പഞ്ചായത്തുകളിൽ അധികാരം പിടിച്ചെടുത്തത് ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരട്ടിയിലധികം സീറ്റുകളിൽ ഭരണമുറപ്പിച്ചു.
ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം
ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 2020-ൽ മൂന്ന് ജില്ലാ പഞ്ചായത്ത് ഭരണം മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത് ഏഴായി ഉയർത്തിയതിലുള്ള ആത്മവിശ്വാസത്തിലാണ്. പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ആധികാരികമായ വിജയം, വഴുതിപ്പോയ വോട്ടുകൾ തിരികെ യുഡിഎഫിലേക്ക് എത്തുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രചാരണത്തിലെ തന്ത്രങ്ങൾ ഫലം കണ്ടു
ഇനിയൊരു തോൽവി രാഷ്ട്രീയ വനവാസത്തിന് കാരണമാകുമെന്ന തിരിച്ചറിവിൽ ജീവൻമരണ പോരാട്ടമായിരുന്നു യുഡിഎഫ് നടത്തിയത്. പണ്ടത്തെപ്പോലെ തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കിയതിലും യുഡിഎഫ് വിജയിച്ചു. അക്ഷരാർത്ഥത്തിൽ കൈമെയ് മറന്നുള്ള പ്രചാരണമാണ് യുഡിഎഫ് പ്രവർത്തകർ നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള, ഭരണ വിരുദ്ധ വികാരം എന്നിവ പ്രധാന പ്രചാരണ വിഷയമാക്കിയതിൻ്റെ വോട്ടുകളും മുന്നണിക്ക് ഗുണകരമായി.
സഭകളുമായി നിരന്തരം ആശയവിനിമയം നടത്തിയതും, 'പിഎം ശ്രീ' വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബിജെപി-സിപിഎം ബാന്ധവം ആരോപിച്ചതും യുഡിഎഫിന് വോട്ടായി മാറ്റാൻ കഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് പ്രചാരണത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും, അതിനുമപ്പുറമുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറിയതാണ് മിന്നും ജയത്തിന് കാരണം.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഈ വമ്പൻ നേട്ടം, ഇനി നിയമസഭയിലേക്കുള്ള അങ്കത്തിന് യുഡിഎഫിന് വലിയ ഊർജ്ജം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
The Congress-led United Democratic Front (UDF) has secured a decisive victory in the 2025 Kerala local body elections, significantly weakening the ruling Left Democratic Front (LDF) at the grassroots level.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."