ക്ഷേമപെന്‍ഷന്റെ സമയബന്ധിത വിതരണം സര്‍ക്കാര്‍ 320 കോടി അനുവദിച്ചു: മന്ത്രി എ.സി മൊയ്തീന്‍
തൃശൂര്‍: ഓണത്തോടനുബന്ധിച്ച് എല്ലാവിധ ക്ഷേമപെന്‍ഷനുകളും സമയബന്ധിതമായി വിതരണം ചെയ്യലാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി 320 കോടി രൂപയാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
1974 ജനുവരി ഒന്നിനും 1993 ജൂണ്‍ മൂന്നിനും ഇടയില്‍ വിരമിച്ച പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് 55 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക 2,42,26,730 രൂപയുടെ വിതരണം ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റീജിയനല്‍, സെന്‍ട്രല്‍, അപ്പക്‌സ്, സ്ഥാപനങ്ങള്‍, സഹകരണേതര വകുപ്പുകളായ കൈത്തറി, ക്ഷീരം, ഖാദി, ഫിഷറീസ്, കയര്‍, ഇന്‍ഡസ്ട്രീസ് വകുപ്പുകള്‍ക്ക് കീഴിലെ സഹകരണ സ്ഥാപനങ്ങള്‍, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിലവില്‍ 4292 സ്ഥാപനങ്ങളില്‍ നിന്നായി 60239 ജീവനക്കാര്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഇതില്‍ 15343 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പെന്‍ഷന്‍ ബോര്‍ഡിന് പ്രതിമാസം 14 കോടി രൂപ ചെലവ് വരും. 2.5 കോടി രൂപ ഉത്സവ ബത്തയ്ക്കും വേണ്ടിവരും. പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തിരം സൂപ്പറാന്വേഷന്‍ പെന്‍ഷന്‍, റിട്ടയറിങ് പെന്‍ഷന്‍, ഇന്‍വാലിഡ് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, കമ്പാഷണേറ്റ് അലവന്‍സ് എന്നിവ നല്‍കി വരുന്നുണ്ട്.
പെന്‍ഷന്‍ ലഭിക്കാത്ത 75 വയസ് പൂര്‍ത്തിയായതും സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചതുമായ മുന്‍ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ട് സ്വീകരിക്കാതെ പ്രതിമാസം 1000 രൂപ സമാശ്വാസ പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. പെന്‍ഷന്‍ ഫണ്ടിലുണ്ടാകുന്ന വര്‍ധനക്കനുസരിച്ച് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി ദിവാകരന്‍ അധ്യക്ഷനായി. മേയര്‍ അജിത ജയരാജന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍, സെക്രട്ടറി സി.വി ശശിധരന്‍, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ അബദുള്‍ സലാം, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ പി.കെ സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."