ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്
ഉമ്മുൽ ഖുവൈൻ: ഉമ്മുൽഖുവൈനിൽ ഇലക്ട്രിക് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10 മണിയോടെ കിംഗ് ഫൈസൽ സ്ട്രീറ്റിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഒബൈദ് അൽ മുഹൈരി നൽകിയ വിവരമനുസരിച്ച്, ഇലകട്രിക് സ്കൂട്ടർ ഓടിക്കുന്നതിനിടെ കുട്ടിയെ കാറിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ട്രാഫിക് പട്രോളിംഗും നാഷണൽ ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ, അപകടസമയത്ത് കുട്ടി ഗതാഗത ദിശയ്ക്ക് എതിരായിട്ടാണ് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് വ്യക്തമായി. കാർ ഓടിച്ച ഏഷ്യൻ വംശജനായ ഡ്രൈവറെ പൊലിസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുടുംബാംഗങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, അത്താഴം കഴിക്കുന്നതിനിടെ കുടുംബം അറിയാതെ മൂത്ത സഹോദരന്റെ ഇലക്ട്രിക് സ്കൂട്ടർ എടുത്തുകൊണ്ടാണ് കുട്ടി പുറത്തുപോയത്. കാർ ഡ്രൈവർ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചതിനാൽ വളരെ കുറഞ്ഞ വേഗതയിലായിരുന്നു നീങ്ങിയതെന്നും കുടുംബാംഗം കൂട്ടിച്ചേർത്തു. കാറുമായി നേരിട്ട് ഇടിച്ചതിന്റെ ഫലമായിട്ടല്ല കുട്ടി മരിച്ചതെന്നും, മറിച്ച് ഇടിയുടെ ആഘാതത്തിൽ നടപ്പാതയിലേക്ക് തെറിച്ചുവീണതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും കുടുംബം പറയുന്നു.
നിയമപരമല്ലാത്ത സ്ഥലങ്ങളിൽ കുട്ടികൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിലെ അപകടസാധ്യത ദുരന്തം വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇ-സ്‌കൂട്ടർ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുവൈൻ പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
police in umm al quwain warn parents after a ten year old died in an e scooter accident urging safety compliance supervision protective gear and strict adherence to traffic rules
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."