തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ
കോഴിക്കോട്: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഏറെക്കാലമായി ജനങ്ങൾ ആഗ്രഹിച്ചുകൊണ്ടിരുന്ന വിധിനിർണ്ണയമാണ് ഈ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായ കെ. സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനങ്ങളുടെ ശക്തമായ പ്രതിജ്ഞയായി ഈ ഫലത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ ഭരണത്തിൽ ജനമനസ്സുകൾക്കുള്ള അസ്വസ്ഥതയും അതൃപ്തിയുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്. നാടിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളിൽ മനംനൊന്ത ജനങ്ങൾ ഒരു ഭരണമാറ്റം എത്രത്തോളം തീവ്രമായി ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രവാസ ലോകത്തുള്ള മലയാളികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും കെ. സൈനുൽ ആബിദീൻ എടുത്തുപറഞ്ഞു. തങ്ങളുടെ നാട്ടിൽ നടക്കുന്ന സുപ്രധാനമായ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വേണ്ടി, ദൂരദേശങ്ങളിൽ നിന്ന് എല്ലാ പ്രയാസങ്ങളെയും മറന്ന്, വോട്ട് രേഖപ്പെടുത്താൻ മാത്രം നാട്ടിലെത്തിയ പ്രവാസികളുടെ നെഞ്ചിലെ സ്പന്ദനം ഈ വിജയത്തിൽ അടങ്ങിയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട്, സൈനുൽ ആബിദീൻ അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു.
നമ്മുടെ നാടിന്റെയും ഇവിടുത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകൾക്കൊത്ത് ഉണർന്നു പ്രവർത്തിക്കാൻ പുതിയ ഭരണാധികാരികൾക്ക് സാധിക്കണം. കൂടുതൽ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് കേരളത്തെ നയിക്കാൻ നിയോഗിക്കപ്പെടുന്ന പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."