മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി
കൊച്ചി: മേയർ സ്ഥാനാർഥികളെ മുൻനിർത്തിയുള്ള പ്രചാരണമായിരുന്നു കോർപറേഷൻ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ആറിടത്തും മുന്നണികൾക്ക് മേയർ സ്ഥാനാർഥികളുണ്ടായിരുന്നു. തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസിൻ്റെ യുവ നേതാവ് കെ.എസ് ശബരീനാഥനെ രംഗത്തിറക്കിയാണ് പുതിയ ട്രെൻഡിന് തുടക്കമിട്ടത്. കോഴിക്കോട്ടെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ മാറിനിൽക്കേണ്ടിയും വന്നു.
വനിതാസംവരണമായ കൊച്ചിയിൽ കോൺഗ്രസ് മൂന്ന് വനിതകളെയാണ് രംഗത്തിറക്കിയത്. മൂന്നുപേരും വിജയിച്ചു. ഫോർട്ട്കൊച്ചിയിൽ നിന്ന് ഷൈനി മാത്യു, സ്റ്റേഡിയം വാർഡിൽ നിന്ന് അഡ്വ.ദീപ്തി മേരി വർഗീസ്, പാലാരിവട്ടത്തുനിന്ന് അഡ്വ.മിനി മോൾ വി.കെ എന്നിവരാണ് വിജയിച്ചത്. കണ്ണൂരിലെ എൽ.ഡി എഫ് മേയർ സ്ഥാനാർഥി വി.കെ പ്രകാശിനി തിലാഞ്ഞൂർ ഡിവിഷനിൽനിന്നും യു.ഡി.എഫിലെ അഡ്വ. പി.ഇന്ദിര പയ്യാമ്പലത്തുനിന്നും ഷമീമ ടീച്ചർ പടന്നയിൽ നിന്നുമാണ് വിജയിച്ചത്. മുസ്ലിം ലീഗിലെ ഷമീമടീച്ചറെ രണ്ടരവർഷത്തേക്ക് മേയറാക്കുമെന്നാണ് സൂചന.
അതേസമയം കോഴിക്കോട് സി.പി.എം മേയർസ്ഥാനാർഥി മുസാഫർ അഹമ്മദ് മീഞ്ചന്തയിൽ പരാജയപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ യു.ഡി.എഫിലെ പി.എം നിയാസും പരാജയമറിഞ്ഞു. അതേസമയം എൻ.ഡി.എയിലെ നവ്യ ഹരിദാസ് കാരപ്പറമ്പ് വാർഡിൽ നിന്ന് വിജയിച്ചു.
തൃശൂരിൽ എൽ.ഡി.എഫിൻ്റെ അജിത ജയരാജനും എൻ.ഡി.എയുടെ ഷീബ ബാബുവും തോറ്റപ്പോൾ യു.ഡി.എഫിലെ അഡ്വ.സുബി ബാബുവും ലാലി ജെയിംസും അഡ്വ.വില്ലി ജിജോയും വിജയക്കൊടി പാറിച്ചു. തിരുവനന്തപുരത്ത് യു.ഡി.എഫിൻ്റെ ശബരീനാഥനും എൻ.ഡി.എയുടെ ആർ.ശ്രീലേഖയും വിജയിച്ച മേയർ സ്ഥാനാർഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."