കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ
കോട്ട ഇടിഞ്ഞ് കോഴിക്കോട്
കോഴിക്കോട്: അരനൂറ്റാണ്ടായുള്ള എൽ.ഡി.എഫിന്റെ കോട്ടയിൽ യു.ഡി.എഫിന്റെ കടന്നുകയറ്റം. കോർപറേഷനിലെ 76 സീറ്റുകളിൽ 35 ഇടങ്ങളിലേ എൽ.ഡി.എഫിന് വിജയിക്കാനായുള്ളൂ. 28 സീറ്റ് നേടി യു.ഡി.എഫും 13 സീറ്റ് നേടി എൻ.ഡി.എയും പുതുചരിത്രം കുറിച്ചപ്പോൾ, കോർപറേഷന്റെ ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷം നേടാനാവാതിരുന്നത് എൽ.ഡി.എഫിന് കനത്ത ആഘാതമായി. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടതും മേയർ സ്ഥാനാർഥി സി.പി മുസാഫർ അഹമ്മദിന്റെ തോൽവിയും എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 51 സീറ്റുകളായിരുന്നു എൽ.ഡി.എഫിന് ലഭിച്ചത്. വാർഡ് വിഭജനത്തോടെ ഒരുവാർഡ് കൂടിയെങ്കിലും മുൻവർഷത്തെ മേൽകോയ്മ നിലനിർത്താൻ അവർക്കായായില്ല. വൻമുന്നേറ്റം നടത്തിയ യു.ഡി.എഫ്, എൽ.ഡി.എഫിന്റെ 14 സീറ്റുകളാണ് പിടിച്ചെടുത്തത്. എൻ.ഡി.എയുടെ രണ്ട് സീറ്റുകളും യു.ഡി.എഫ് സ്വന്തമാക്കി. എൻ.ഡി.എയ്ക്ക് 13 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ ലഭിച്ച എൻ.ഡി.എയ്ക്ക് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായപ്പോൾ, എൽ.ഡി.എഫിന്റെ അഞ്ച് സീറ്റുകളും യു.ഡി.എഫിന്റെ മൂന്ന് സീറ്റും എൻ.ഡി.എക്കൊപ്പം നിന്നു. ഇതിന് പുറമേ നാല് സിറ്റിങ് സീറ്റിലും പുതുതായുള്ള മാവൂർറോഡ് വാർഡിലും എൻ.ഡി.എക്കാണ് ജയം.
കണ്ണൂർ കോട്ട ഭദ്രം
കണ്ണൂർ: കഴിഞ്ഞതവണ പിടിവള്ളിയായ ഏക കോർപറേഷൻ ഇത്തവണയും യു.ഡി.എഫിനെ കൈവിട്ടില്ല. മികച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് കോർപറേഷൻ നിലനിർത്തിയത്. 56 ഡിവിഷനുകളിൽ 36 ഇടത്തും യു.ഡി.എഫിനാണ് ജയം.
2015ൽ രൂപീകരിക്കപ്പെട്ട കോർപറേഷൻ സ്വതന്ത്രന്റെ പിന്തുണയോടെ ആദ്യ രണ്ടരവർഷം എൽ.ഡി.എഫ് ഭരിച്ചെങ്കിലും സ്വതന്ത്രൻ കാലുമാറിയതോടെ ഭരണം യു.ഡി.എഫിന് അനുകൂലമാവുകയായിരുന്നു. കഴിഞ്ഞതവണ 55 ഡിവിഷനുകളായിരുന്നപ്പോൾ യു.ഡി.എഫ് 34 ഇടത്തും എൽ.ഡി.എഫ് 19 ഇടത്തും ഒരിടത്ത് എൻ.ഡി.എയും ജയിച്ചു.
ഇത്തവണ 56 ഡിവിഷനായപ്പോൾ 36 ഇടത്താണ് യു.ഡി.എഫ് ആധിപത്യമുറപ്പിച്ചത്. കോർപറേഷൻ പിടിക്കാൻ സകലതന്ത്രങ്ങളും പയറ്റിയ എൽ.ഡി.എഫ് 15 സീറ്റിലൊതുങ്ങി. നാലിടത്താണ് എൻ.ഡി.എ സാന്നിധ്യമറിയിച്ചത്. ഇടതുപക്ഷത്തിന് മേൽക്കോയ്മയുള്ള ഡിവിഷനുകളിലാണ് ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചുകയറിയത്. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ കണ്ണൂർ സിറ്റിയിലെ അറക്കൽ വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി ജയിച്ചത് ലീഗിന് തിരിച്ചടിയായി.
ഭരണം നിലനിർത്താനുള്ള പോരാട്ടത്തിൽ യു.ഡി.എഫിന് സ്ഥിരം തലവേദനയായ നിലവിലെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ പി.കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ സംരക്ഷണ സമിതി ഇത്തവണ 12 സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും നിലംതൊട്ടില്ല.
യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി പരിഗണിക്കുന്ന നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര ഉൾപ്പടെയുള്ളവർക്കെതിരേ വിമതരെ ഇറക്കിയിട്ടും ഫലം കണ്ടില്ല. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി മത്സരിച്ച ആദികടലായി ഡിവിഷൻ ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. റിജിൽ മാക്കുറ്റിക്കെതിരേ ലീഗ് വിമതൻ വി. മുഹമ്മദലി രംഗത്തുണ്ടായിരുന്നെങ്കിലും 720 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം റിജിലിനൊപ്പമായിരുന്നു.
ത്രിവർണശോഭയിൽ തൃശൂർ
തൃശൂർ: കോർപറേഷൻ തിരികെപിടിച്ചു മിന്നുംജയം നേടി യു.ഡി.എഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് അനുകൂലമായി വിധിയെഴുതിയ ഡിവിഷനുകളിൽ അടക്കം യു.ഡി.എഫ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. വോട്ടിങ് ശതമാനം കുറഞ്ഞതോടെ ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന കണക്കുകൂട്ടലുകളെ മറികടന്നാണ് യു.ഡി.എഫ് തേരോട്ടം. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യു.ഡി.എഫ് ഭരണം തിരികെപിടിക്കുന്നത്. 2000ൽ കോർപറേഷൻ നിലവിൽവന്നയുടൻ കോൺഗ്രസിനായിരുന്നു ഭരണം. പിന്നീട് മാറി മാറി ഇടതുപക്ഷവും യു.ഡി.എഫും ഭരിച്ചു. 2015ലും 2020ലും തുടർച്ചയായി ഇടതുപക്ഷ ഭരണമായിരുന്നു. 2020ൽ ഇരുപക്ഷത്തിനും 24 സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നതെങ്കിലും സ്വതന്ത്രനെ കൂടെകൂട്ടി ഇടതുമുന്നണി ഭരണം പിടിക്കുകയായിരുന്നു. ഇക്കുറി 56 ഡിവിഷനുകളിൽ 33 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എൽ.ഡി.എഫ് 13ഉം എൻ.ഡി.എ എട്ടും സീറ്റുകൾ നേടി. രണ്ട് സ്വതന്ത്രരും ജയിച്ചു. കഴിഞ്ഞ ടേമിൽ എൻ.ഡി.എയ്ക്ക് ആറ് സീറ്റുകളാണ് ഉണ്ടായിരുന്നത്. മുൻമേയർ അജിത ജയരാജൻ കൊക്കാല ഡിവിഷനിൽ 116 വോട്ടുകൾക്കു എൻ.ഡി.എ സ്ഥാനാർഥിയോടു തോറ്റത് സി.പി.എമ്മിനു നാണക്കേടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."