കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം
കോഴിക്കോട്: ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്. മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആകെയുള്ള 28 സീറ്റിൽ 15 സീറ്റും നേടിയാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഭരണംപിടിച്ചത്. 1995ൽ ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് യു.ഡി.എഫ് ഭരണം നേടുന്നത്. എൽ.ഡി.എഫിന് 13 സീറ്റേ നേടാനായുള്ളൂ. ചോറോട് ഡിവിഷനിൽ യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി.ഐയാണ് ജയിച്ചത്. കോൺഗ്രസ് എട്ട് സീറ്റും മുസ്‍ലിം ലീഗ് ആറ് സീറ്റും നേടി കരുത്തുകാട്ടി. സി.പി.എം 12 സീറ്റ് നേടിയപ്പോൾ സി.പി.ഐ ഒരു സീറ്റ് നേടി. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് 18ഉം യു.ഡി.എഫിന് ഒൻപതും സീറ്റുകളാണ് ലഭിച്ചിരുന്നത്. ഇവിടെ നിന്നാണ് യു.ഡി.എഫ് വൻകുതിപ്പ് നടത്തിയത്.
2010 ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയിരുന്നെങ്കിലും ഒരു സീറ്റിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചതോടെ ജില്ലാ പഞ്ചായത്തിലും ചരിത്രവിജയം നേടി. മേപ്പയ്യൂർ, ഉള്ള്യേരി, അരിക്കുളം, ചോറോട്, ചേളന്നൂർ ഡിവിഷനുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കോടഞ്ചേരി ഡിവിഷനിൽനിന്ന് ജയിച്ച കെ.പി.സി.സി അംഗം മുൻ ജില്ലാ പഞ്ചായത്തംഗവുമായ മില്ലി മോഹൻ കൊട്ടാരത്തിലിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാൻ സാധ്യത കൽപ്പിക്കുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ കാരശ്ശേരിയിൽ നിന്നും ദേശീയ സമിതി അംഗം പി.ജി മുഹമ്മദ് താമരശേരിയിൽ നിന്നും മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ നവാസ് നാദാപുരം ഡിവിഷനിൽ നിന്നും വിജയിച്ചു. ആർ.എം.പി സ്ഥാനാർഥി ടി.കെ സിബിയാണ് അഴിയൂർ ഡിവിഷനിൽനിന്ന് വിജയിച്ചത്. മേപ്പയ്യൂർ ഡിവിഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്തും ചോറോട് ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിനും വിജയിച്ചു.
ഗ്രാമപഞ്ചായത്തിലും യു.ഡി.എഫ് മുന്നേറ്റം; യു.ഡി.എഫ് 42, എൽ.ഡി.എഫ് 24; നാലിടത്ത് ആർക്കും ഭൂരിപക്ഷമില്ല
കോഴിക്കോട്: ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് തരംഗം. ആകെയുള്ള 70 ഗ്രാമപഞ്ചായത്തുകളിൽ 42 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ 42 പഞ്ചായത്തുകളിൽ ഭരണം കൈയാളിയിരുന്ന എൽ.ഡി.എഫ് 24 ഇടത്തേ ജയിക്കാനായുള്ളൂ. നാലിടത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. പേരാമ്പ്ര, കുരുവട്ടൂർ, ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത്, മണിയൂർ, നടുവണ്ണൂർ, ബാലുശേരി, കാക്കൂർ, കായക്കൊടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, യു.ഡി.എഫ് ഭരിച്ച വാണിമേൽ, അത്തോളി, ചേളന്നൂർ, അഴിയൂർ, കാരശേരി പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. പല പഞ്ചായത്തികളിലും യു.ഡി.എഫ് വൻ മുന്നേറ്റം നടത്തി. ഇടത് കോട്ടയായ നൊച്ചാട് പഞ്ചായത്തിൽ ആറ് സീറ്റ് നേടി യു.ഡി.എഫ് കരുത്ത് കാട്ടി. അതേസമയം, ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."