പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം
പാലക്കാട്: കഴിഞ്ഞ തദ്ദേശ തരഞ്ഞെടുപ്പിൽ ഇടത് തരംഗം ആഞ്ഞുവീശിയ ജില്ലയിൽ ഇത്തവണ കാലിടറി. വൻ ഭൂരിപക്ഷം പുലർത്തുന്ന ഇടതുകേന്ദ്രങ്ങളിൽ പോലും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. വികസനങ്ങളും വിവാദങ്ങളും ജില്ലയിൽ ചൂടുപിടിച്ച ചർച്ചയായപ്പോൾ തദ്ദേശവിധി ആർക്ക് അനുകൂലമാണെന്ന കാത്തിരിപ്പിലായിരുന്നു പാലക്കാടുകാർ.
നിലനിർത്താനും പിടിച്ചടക്കാനും കടുത്ത പോരാട്ടം നടന്നു. കോട്ടകൾ പലതും ഇളകി. ജില്ലാ പഞ്ചായത്ത്, ഏഴ് നഗരസഭകൾ, പതിനാല് ബ്ലോക്ക് പഞ്ചായത്തുകൾ, 88 ഗ്രാമപഞ്ചായത്ത് എന്നിവയുൾപ്പെടുന്നതാണ് പാലക്കാടിന്റെ തദ്ദേശഭൂപടം. പാലക്കാട് ജില്ലാ കൗൺസിലിന്റെ കാലം മുതൽ എൽ.ഡി.എഫ് മാത്രം ഭരിച്ച ജില്ലാപഞ്ചായത്താണ് പാലക്കാട്ടേത്. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിൽ എൽ.ഡി.എഫും 12 സീറ്റിൽ യു.ഡി.എഫും വിജയിച്ചു. ഭൂരിപക്ഷമുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റുകൾ നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചിട്ടില്ല. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും അലയടിച്ച് യു.ഡി.എഫ് തരംഗം. എൽ.ഡി.എഫിൻ്റെ ശക്തികേന്ദ്രങ്ങളായ പല പഞ്ചായത്തുകളും പിടിച്ചെടുത്താണ് യു.ഡി.എഫ് ശക്തി തെളിയിച്ചത്. ജില്ലിയലെ 88 പഞ്ചായത്തുകളിൽ 32 പഞ്ചായത്തുകളാണ് ഇത്തവണ യു.ഡി.എഫ് നേടിയത്. 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത് 23 പഞ്ചായത്തുകളായിരുന്നു. ഭരണ സാരഥ്യത്തിൽ വർധനവുണ്ടായത് തന്നെ പാലക്കാടിൻ്റെ ചരിത്രത്തിൽ യു.ഡി.എഫ് മുന്നേറ്റമായി.
എന്നാൽ കഴിഞ്ഞ തവണ 63 സീറ്റ് നേടിയ എൽ.ഡി.എഫിന് ഇപ്രാവശ്യം അടിപതറി. 46 സീറ്റുകൾ മാത്രമാണ് ഇത്തവണ എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞത്. രാഹുൽ വിഷയത്തിൽ പതറാതെ യു.ഡിഎഫ് സീറ്റ് കൂട്ടിയപ്പോൾ ശബരിമല വിഷയം എൽ.ഡി.എഫിനെ പിടിച്ചു കുലുക്കി.
തൃത്താല മണ്ഡലത്തിലെ തൃത്താല പഞ്ചായത്ത് 25 വർഷങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. പട്ടാമ്പിയിലെ മുതുതലയും വിളയൂരും സമാന രീതിയിൽ അര നൂറ്റാണ്ടോളമുള്ള ആധിപത്യം തകർത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. കാരാക്കുറിശ്ശിയിൽ യു.ഡി.എഫ് ഒൻപത് സീറ്റുകൾ നേടി വിജയിച്ചപ്പോൾ കഴിഞ്ഞ തവണ വിജയിച്ച എൽ.ഡി.എഫിന് ഇത്തവണ ലഭിച്ചത് അഞ്ച് സീറ്റുകളാണ്. ബി.ജെ.പിക്ക് ഒന്നും സ്വതന്ത്രൻ നാലും സീറ്റുകൾ നേടാൻ സാധിച്ചു.
കരിമ്പയിൽ എട്ട് സീറ്റുമായി യു.ഡി.എഫ് ജയിച്ചപ്പോൾ തൊട്ടുപിന്നാലെ എൽ.ഡി.എഫ് ഏഴ് സീറ്റ് നേടി. ബി.ജെ.പി രണ്ടും സ്വതന്ത്രൻ ഒന്നും നേടി. യു.ഡി.എഫ് 13 സീറ്റുമായി കൊഴിഞ്ഞാമ്പാറ കൈക്കുള്ളിലാക്കിയപ്പോൾ എൽ.ഡി.എഫ് നേടിയത് വെറും നാലെണ്ണം മാത്രം. ബി.ജെ.പിക്കാകട്ടെ രണ്ട് സീറ്റുകളും കിട്ടി. കുലുക്കല്ലൂരിൽ അഞ്ച് സീറ്റുകൾ ലഭിച്ച എൽ.ഡി.എഫിനെ പിന്നിലാക്കിക്കൊണ്ട് ഒൻപത് സീറ്റുകളുമായി യു.ഡി.എഫ് വിജയിച്ചു. ബി.ജെ.പി ക്ക് ഒന്നും കിട്ടാതിരുന്നപ്പോൾ സ്വതന്ത്രർ അഞ്ച് സീറ്റുകൾ നേടി. മരുതറോഡിൽ 12 സീറ്റുകളുമായി യു.ഡി.എഫ് വിജയക്കൊടി പാറിച്ചപ്പോൾ എൽ.ഡി.എഫ് എട്ടും ബി.ജെ.പി ഒന്നും നേടി. നെല്ലായയിൽ യു.ഡി.എഫ് പത്തു സീറ്റുകൾ നേടി എൽ.ഡി.എഫിനെ അട്ടിമറിച്ചു.
പുതുക്കോട് യു.ഡിഎഫ് നേടിയപ്പോൾ വടകരപ്പതിയും വല്ലപ്പുഴയും എൽ.ഡി.എഫ് നിലനിർത്തി. പുതുക്കോടും തൃത്താലയും യഥാക്രമം10, 13 സീറ്റുകൾ നേടി. വടകരപ്പതിയിലും വല്ലപ്പുഴയിലും 10, 11 സീറ്റ് നേടി യു.ഡി.എഫ് കരുത്തു തെളിയിച്ചു. 2020ൽ എൽ.ഡി.എഫിൻ്റെ കൂടെ നിന്ന അഗളി ഇത്തവണ ഒരു സീറ്റ് വ്യത്യാസത്തിൽ യു.ഡി.എഫിനൊപ്പം നിന്നു. യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒൻപതും സീറ്റ് നേടിയപ്പോൾ എൻ.ഡി.എക്ക് രണ്ടു സീറ്റുകൾ നേടി. അതേസമയം ബ്രൂബറി വിവാദം നിലനിൽക്കുന്ന എലപ്പുള്ളി ഇത്തവണ യു.ഡി.എഫിനെ മാറ്റി നിർത്തി എൽ.ഡി.എഫിനെ വിജയിപ്പിച്ചത് എങ്ങനെയെന്നത് ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തുപോലും ലഭിക്കാതിരുന്ന ബി.ജെ.പി ഇത്തവണ രണ്ടിടങ്ങളിൽ കരുത്ത് തെളിയിച്ചു. എൽ.ഡി.എഫ് കോട്ടയായ അകത്തേത്തറയും പുതൂരും താമര വിരിയിച്ചു. കഴിഞ്ഞ തവണ അകത്തേത്തറ എൽ.ഡി.എഫ്10 സീറ്റ് നേടി വിജയിച്ചപ്പോൾ ഇത്തവണ10 സീറ്റ് നേടി ബി.ജെ.പി ആ സ്ഥാനം കൈയ്യടക്കി. അകത്തേത്തറയിൽ എൽ.ഡി.എഫിന്എട്ടും യു.ഡി.എഫിന് ഒരു സീറ്റുമാണ് ഇത്തവണ ലഭിച്ചത്.
palakkad the ldf faced setbacks with losses in its traditional strongholds
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."