നിലവിളക്കു കൊളുത്തുന്നതില്‍ മതേതരത്വമില്ല
പൊതുചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗികപരിപാടികളുടെ ഉദ്ഘാടനങ്ങളും നിലവിളക്കു കൊളുത്തി തുടങ്ങേണ്ടതില്ലെന്നു ദിവസങ്ങള്‍ക്കുമുമ്പാണു പൊതുമരാമത്തുവകുപ്പുമന്ത്രി ജി. സുധാകരന്‍ പ്രഖ്യാപിച്ചത്. നിലവിളക്കു കൊളുത്തുന്നത് ഒരുവിഭാഗത്തിന്റെ മതാനുഷ്ഠാനമാണെന്ന നിലപാട് ആ പ്രസ്താവനയിലൂടെ മന്ത്രി സാധൂകരിക്കുകയും അതിനോടു പ്രതികരിക്കാനെന്നവണ്ണം പ്രസ്താവന നടത്തുകയുമായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം നിലവിളക്കു കൊളുത്തി ചടങ്ങുകള്‍ ആരംഭിക്കുന്നത് അനിസ്‌ലാമികമാണ്.
പ്രകാശത്തിന് ഇസ്‌ലാം ഏറെ പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍, അഗ്‌നിയാരാധനാവകഭേദമായ നിലവിളക്കു കൊളുത്തുകയെന്നതു മുസ്‌ലിമിന് അനുവദനീയമല്ല. ഏതെങ്കിലും മുസ്‌ലിംനേതാക്കളോ മുന്‍മന്ത്രിമാരോ അത്തരം ചടങ്ങുകള്‍ക്കു മതേതരത്വത്തിന്റെ ഛായനല്‍കുന്നുണ്ടെങ്കില്‍ അത് അറിവില്ലായ്മകൊണ്ടാണ്. തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വന്നു നിലവിളക്കുകൊളുത്തണമെന്ന് അപേക്ഷിച്ചാല്‍ മതേതരത്വം നിറംമങ്ങിപ്പോകുമോയെന്ന ഭയസംഭ്രമത്താല്‍ ജനപ്രതിനിധികള്‍ ഇത്തരം ചടങ്ങുകള്‍ നിര്‍വഹിക്കുംമുന്‍പ് മുന്‍ഗാമികളുടെ ചരിത്രം ഒരാവൃത്തി പഠിക്കുന്നതു നല്ലതായിരിക്കും.
കേരളംകണ്ട ഏറ്റവുംവലിയ മതേതരജനാധിപത്യവാദിയായിരുന്നു സി.എച്ച് മുഹമ്മദ് കോയ. തികഞ്ഞ മത വിശ്വാസിയുമായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുപോയേക്കുമോ, മണ്ഡലം നഷ്ടപ്പെട്ടേക്കുമോ എന്നിങ്ങനെയുള്ള ഭയത്താല്‍ അദ്ദേഹം ഒരിക്കലും തന്റെ മതവിശ്വാസത്തില്‍നിന്നു വ്യതിചലിച്ചിരുന്നില്ല. നിലവിളക്കു കൊളുത്താന്‍ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടും ആര്‍ജ്ജവത്തോടെ അദ്ദേഹം മാറിനിന്നു. ആരും അദ്ദേഹത്തിന്റെ മതേതരത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയില്ല. ഹൈന്ദവമിത്തുകളെയും പൂരാണേതിഹാസങ്ങളെയും സ്വതസിദ്ധമായ പ്രസംഗശൈലിയില്‍ ജനകീയമാക്കിയ വാഗ്മികൂടിയായിരുന്നു സി.എച്ച്. സുന്ദരമായ പ്രവാഹംപോലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഹിന്ദുപുരാണങ്ങളില്‍നിന്നായിരുന്നു ഉദാഹരണങ്ങള്‍ നിരത്തിയിരുന്നത്. 'ആകാശഗംഗയെ ഭൂമിയിലേയ്ക്കു കൊണ്ടുവന്ന ഭഗീരഥനെപ്പോലെ' തുടങ്ങിയ എത്രയെത്ര ഹൈന്ദവകഥാസന്ദര്‍ഭങ്ങളെയാണ് അദ്ദേഹം മാസ്മരികപ്രഭാവമുള്ള പ്രസംഗങ്ങളിലൂടെ ജനകീയമാക്കിയത്!
ബി.ജെ.പി മുന്‍സംസ്ഥാനാധ്യക്ഷന്‍ സി.കെ പത്മനാഭന്‍ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പു കേരളത്തിലെ പ്രശസ്തമായ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തോട് ഒരുചോദ്യം ഉന്നയിക്കുന്നുണ്ട്: 'താങ്കള്‍ക്ക് ഇഷ്ടപ്പെട്ട ഏറ്റവുംനല്ല പ്രാസംഗികനാരാണ്.' ഒട്ടും ശങ്കിക്കാതെ സി.കെ.പി നല്‍കിയ മറുപടി സി.എച്ച് മുഹമ്മദ്‌കോയ എന്നായിരുന്നു. രാവുവെളുത്താലും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ താന്‍കാത്തിരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ലിഖിതമായ ഈ വാചകങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. നേതാക്കള്‍ ഇങ്ങനെയാണു സമൂഹത്തിന്റെ ആദരവുനേടേണ്ടത്. പിതാവ് ആനപ്പുറത്തു കയറിയതിന്റെപാട് മക്കളുടെ ആസനങ്ങളില്‍ ഉണ്ടാകുകയില്ലെങ്കിലും പിതാവിന്റെ ത്രസിപ്പിക്കുന്ന പാരമ്പര്യത്തെയോര്‍ത്തു മക്കളുടെ അന്തരംഗം അഭിമാനപൂരിതമാകേണ്ടതാണ്.
നിലവിളക്കിന്റെ തിരിതെളിയിക്കുകയെന്നത് അഗ്‌നിയാരാധനയുടെ ഭാഗമാണ്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതംനയിക്കുന്നവര്‍ക്ക് എങ്ങനെ അതില്‍ പങ്കുചേരാനാകും. പരിശുദ്ധ ഖുര്‍ആന്‍ പ്രകാശത്തെ നിരവധിയിടങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അതിനെ വണങ്ങുന്നതില്‍ പിശകില്ലെന്നുമുള്ള രീതിയില്‍ ചില അല്‍പ്പജ്ഞാനികള്‍ നടത്തുന്ന വിളംബരങ്ങള്‍ ഇസ്‌ലാമികമതാചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചുമുള്ള അജ്ഞതയില്‍നിന്നുണ്ടാകുന്നതാണ്. അല്ലാഹുവിന്റ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണു സൂര്യചന്ദ്രന്മാരും കോടാനുകോടി നക്ഷത്രങ്ങളും. ഇവയെ സൃഷ്ടിച്ച സ്രഷ്ടാവിനെയാണ് ആരാധിക്കേണ്ടത്. പരിശുദ്ധ ഖുര്‍ആന്‍ വെളിച്ചത്തിനു പ്രാധാന്യംനല്‍കിയതിനാല്‍ നിലവിളക്കു കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതു തികഞ്ഞ അബദ്ധമാണ്.
നിലവിളക്കുമായി ബന്ധപ്പെട്ടുള്ള ഹൈന്ദവാചാരങ്ങള്‍ അഗ്‌നിയാരാധനയുടെ ഭാഗമാണെന്ന രീതിയില്‍ ഹൈന്ദവപണ്ഡിതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിയില്‍ മനുഷ്യര്‍ക്കു ഭീതിയുണ്ടാക്കുന്ന വസ്തുക്കളെയെല്ലാം ആരാധിക്കുന്നവരായിരുന്നു പൂര്‍വകാലമനുഷ്യര്‍. അഗ്‌നിയെയും അതില്‍നിന്നും പ്രസരിക്കുന്ന വെളിച്ചത്തെയും അവര്‍ ഭയഭക്തിയോടെ വണങ്ങിയത് അഗ്‌നിസര്‍വസംഹാരകമാണെന്ന ചിന്തയില്‍നിന്നാണ്.
പേര്‍ഷ്യന്‍ജനത അവരുടെ എല്ലാ ചടങ്ങുകളും എരിയുന്ന അഗ്‌നികുണ്ഠങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നിര്‍വഹിച്ചിരുന്നത്. ചരിത്രാതീതകാലംമുതല്‍ അഗ്‌നിയെ ആരാധിക്കുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടായിരുന്നു. ഋഗ്വേദകാലംമുതലാണ് അഗ്‌നിയാരാധന ഇവിടെ ആരംഭിക്കുന്നത്. ഹൈന്ദവസഹോദരങ്ങളുടെ ദേവീദേവസങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ടസ്ഥാനമാണ് അഗ്‌നിദേവനുള്ളത്. യാഗംനടക്കുന്ന അഗ്‌നികുണ്ഠത്തെ അഗ്‌നിദേവന്റെ പ്രതീകമായി സങ്കല്‍പ്പിക്കപ്പെട്ടിരുന്നു. യജ്ഞശാലകളില്‍ ആളിപ്പടരുന്ന അഗ്‌നിനാളങ്ങള്‍ അഗ്‌നിദേവന്റെ പ്രത്യക്ഷപ്പെടലായി സങ്കല്‍പ്പിച്ച് അവര്‍ പൂജിച്ചു. അഗ്‌നിദേവനെ പ്രസാദിപ്പിക്കാന്‍ അഗ്‌നികുണ്ഠത്തില്‍ കാളകളെയും പശുക്കളെയും കുതിരകളെയും സമര്‍പ്പിച്ചു. ബഹുദൈവാരാധാന തുടങ്ങുന്നതിനുമുമ്പ് അഗ്‌നിദേവനെ ആരാധിക്കുകയെന്നതായിരുന്നു ഹൈന്ദവാചാരം.
ദേവപ്രീതിക്കുവേണ്ടി യാഗാഗ്‌നി എരിഞ്ഞതിന്റെ വകഭേദമായാണു വീടുകളില്‍ ഭയഭക്തിയോടുകൂടി നിലവിളക്കുകള്‍ കൊളുത്തിവയ്ക്കുന്ന സമ്പ്രദായമുണ്ടായത്. നാമജപത്തോടെ സന്ധ്യാനേരങ്ങളില്‍ ഹൈന്ദവവീടുകളുടെ പൂമുഖങ്ങളില്‍ വിളക്കുമായി വരുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ ഭയഭക്തിയോടെ തൊഴുതു കണ്ണില്‍വയ്ക്കുന്നു. ഇത് അഗ്‌നിദേവനെ വന്ദിക്കലാണ്. വീട്ടില്‍ ഐശ്വര്യവും അനുഗ്രഹവുമുണ്ടാകാനും അതിനായി അഗ്നിദേവന്‍ പ്രസാദിക്കുവാനുമാണ് ഇങ്ങനെ സന്ധ്യാനേരങ്ങളില്‍ നിലവിളക്കു കൊളുത്തുന്നത്.സ്ഥാപനങ്ങള്‍ക്ക് അനുഗ്രഹമുണ്ടാകാനും ചടങ്ങുകള്‍ ഐശ്വര്യപൂര്‍ണമാകാനുംവേണ്ടിയാണ് ഉദ്ഘാടനവേദികളില്‍ നിലവിളക്കു സ്ഥാനംപിടിച്ചത്. നിലവിളക്കിന്റ ഏഴുതിരികള്‍ക്കും ഹൈന്ദവാചാരപ്രകാരം ഏഴുധര്‍മങ്ങള്‍ പാലിക്കുന്നുണ്ട്. അതിന്റെ അഗ്രഭാഗത്തിനും തണ്ടിനും താഴ്ഭാഗത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നു. കത്തിക്കാനുപയോഗിക്കുന്ന എണ്ണയ്ക്കും തിരികള്‍ക്കും പരിപാവനത്വം കല്‍പ്പിക്കുന്നു.
ഹൈന്ദവസഹോദരങ്ങളുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും ഇതരമതസ്ഥര്‍ക്കു സഹിഷ്ണുതാപരമായ സമീപനമാണുണ്ടാകേണ്ടത്. അതാണു മതേതരത്വം. മറ്റുള്ളവരുടെ വിശ്വാസത്തെ വാരിപ്പുണരലല്ല. ഒരു യഹൂദന്റെ ജഡംവഹിച്ചുകൊണ്ടു പോകുമ്പോള്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്ന നബി(സ്വ)യോട് അനുയായികള്‍ ഓര്‍മിപ്പിച്ചു, 'അല്ലാഹുവിന്റെ റസൂലേ അത് ഒരു യഹൂദന്റെ ജഡമാണ്.' അതിനു പ്രവാചകന്‍ പറഞ്ഞ മറുപടി: 'അതൊരു മനുഷ്യന്റെ ജഡമാണല്ലോ' എന്നാണ്. ഇതിനെയാണു മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത്.
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഐശ്വര്യവും അനുഗ്രഹവും അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണ്. സംഘ്പരിവാര്‍ കുടുബത്തിലെ ഏറ്റവും ഭീകരവിഭാഗമായ ശിവസേനയുടെ വേദിയില്‍ കയറിച്ചെന്നു ഗണേശോത്സവപ്രതിഷ്ഠയില്‍ പങ്കാളിയാകുന്നതു നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസത്തിനു വിധേയപ്പെടലാണ്. ബഹറില്‍ മുസല്ലയിട്ടു നിസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ വലിയൊരു മനുഷ്യന്റെ ആത്മാവിനോടുചെയ്ത അപരാധമാണിതെന്നു പറയാതെവയ്യ. ഹൈന്ദവമതാചാരങ്ങളെ പൊതുസമൂഹത്തെകൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനു വ്യക്തമായ പദ്ധതികളുണ്ട്. എല്ലാവരെയും ഒരേചടങ്ങ് അംഗീകരിപ്പിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുകയെന്നതാണു ഫാസിസത്തിന്റെ ആദ്യചുവട്. മതസൗഹാര്‍ദത്തിന്റെപേരില്‍ ഇതരമതസ്ഥരുടെ ആരാധനാക്രമങ്ങളെ ആചരിക്കുകയല്ല സഹിഷ്ണിതയോടെ കാണുകയാണു വേണ്ടത്. വോട്ടിന്റെ പേരിലായാലും മണ്ഡലത്തിന്റെ പേരിലായാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."