എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) അരുൺ കുമാർ റായിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തിൽ, വനിതാ പൊലിസ് കോൺസ്റ്റബിളായ മീനാക്ഷി ശർമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഒയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോൺസ്റ്റബിളിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തത്.
ജലൗൺ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസറായ അരുൺ കുമാർ റായിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വൈകി ഔദ്യോഗിക വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റായി സ്വയം വെടിവെച്ചതാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായകം
എന്നാൽ, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മക്കെതിരെയാണ് ഇപ്പോൾ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. റായിയുടെ മരണം സംഭവിച്ച ഉടൻ തന്നെ, കോൺസ്റ്റബിൾ മീനാക്ഷി ശർമ്മ ഒരു ബാഗുമായി ഓഫീസറുടെ ക്വാർട്ടേഴ്‌സിൽ നിന്ന് തിടുക്കത്തിൽ പിൻവാതിലിലൂടെ ഹൈവേയിലേക്ക് നടന്നു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
റായ് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ചു ആദ്യമേ വിശ്വസിച്ചിരുന്നു. റായിയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയൽ 112 -ൽ സേവനമനുഷ്ഠിച്ചിരുന്ന കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
എസ്.എച്ച്.ഒയുടെ വസതിയിൽ മീനാക്ഷി ശർമ്മ രാത്രി വൈകിയും ഉണ്ടായിരുന്നതായും, മരണത്തിന് തൊട്ടുപിന്നാലെ വീടുവിട്ടിറങ്ങി പോയെന്നുമാണ് സൂചന. സംഭവത്തിൽ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
sho death: not suicide, says family; woman constable seen in cctv footage arrested. The family of the deceased SHO (Station House Officer) is claiming that the death was not a suicide. A woman constable, who was visible in the CCTV footage related to the case, has been arrested by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."