ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള വിഷയം ശക്തമായി ഉയർത്തിക്കാട്ടി യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ പ്രതിഷേധിക്കും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് എംപിമാർ നാളെ രാവിലെ 10.30-ന് പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തുക. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും, അതിനാൽ സത്യം പുറത്തുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും യുഡിഎഫ് എംപിമാർ ആരോപിക്കുന്നു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫിന്റെ ഈ നിർണായക നീക്കം. നേരത്തെ, കെ.സി. വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.
രാം ലീല മൈതാനത്ത് കോൺഗ്രസ്സിന്റെ വൻ പ്രതിഷേധം
അതേസമയം വോട്ട് കൊള്ളയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) സുതാര്യതയില്ലായ്മയും ആരോപിച്ച് കോൺഗ്രസ് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധറാലി സംഘടിപ്പിച്ചു. ന്യൂഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന ബഹുജന റാലിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ നേതാക്കൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
"തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ത്യയുടേതാണ്, മോദിയുടേതല്ല. വോട്ട് കൊള്ളയെക്കുറിച്ച് ചോദിച്ചാൽ അമിത് ഷായ്ക്ക് കൈ വിറയ്ക്കും," രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹരിയാനയിൽ വോട്ട് കൊള്ള നടന്നതായി ചൂണ്ടിക്കാട്ടിയ രാഹുൽ, ഒരു ബ്രസീൽ വനിത പോലും വോട്ടർപട്ടികയിൽ ഇടംപിടിച്ച സംഭവം ഉദാഹരണമായി പറഞ്ഞു. ചോദ്യങ്ങൾക്ക് കമ്മിഷൻ മറുപടി നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് കൊള്ളയെക്കുറിച്ച് ചോദിച്ചപ്പോൾ പാർലമെന്റിൽ അമിത് ഷായ്ക്ക് കൈ വിറച്ചുവെന്ന് പറഞ്ഞ രാഹുൽ, ചർച്ചയ്ക്ക് വെല്ലുവിളിക്കുകയും ചെയ്തു. "മോദിയും ഷായും ഏതാനും കോടീശ്വരന്മാർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്," എന്നും കൂട്ടിച്ചേർത്തു. വോട്ട് കൊള്ള പുറത്തുവന്നതോടെ ബി.ജെ.പിക്ക് ആത്മവിശ്വാസം നഷ്ടമായെന്നും ആർ.എസ്.എസിന്റെ ഡി.എൻ.എയിൽ വോട്ട് കൊള്ളയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
വോട്ടിന്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും സർക്കാരിന് ധൈര്യമില്ല. "ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയാൽ ബി.ജെ.പിക്ക് ജയിക്കാൻ കഴിയില്ല. ജനങ്ങൾ കേന്ദ്ര സർക്കാരിൽ അസംതൃപ്തരാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം ഇല്ലാതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ല," പ്രിയങ്ക വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സംശയത്തിന്റെ നിഴലിലാണെന്ന് ആരോപിച്ച അവർ, ഉത്തർപ്രദേശിൽ മാത്രം മൂന്ന് കോടി വോട്ടുകൾ വെട്ടിക്കുറച്ചതായി ചൂണ്ടിക്കാട്ടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാരോട് ജനം കണക്ക് ചോദിക്കുന്ന ഒരു ദിവസം വരുമെന്നും, അവരുടെ പേരുകൾ ജനം ഒരിക്കലും മറക്കരുതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ശക്തി പകരാനാണ് താനെത്തിയതെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. "വോട്ട് നഷ്ടമായാൽ ജനങ്ങളുടെ ശക്തി നഷ്ടമാകും. ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വോട്ട് കൊള്ള ചെയ്യുന്നവരെ പുറത്താക്കണം," അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യങ്ങൾക്ക് പാർലമെന്റിൽ പോലും കേന്ദ്രം മറുപടി നൽകുന്നില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യു.ഡി.എഫ്. വിജയം പ്രസംഗത്തിൽ എടുത്തുപറഞ്ഞ ഖർഗെ, സംസ്ഥാനത്തെ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
UDF Members of Parliament are set to stage a protest at the Parliament tomorrow, demanding a probe by a central agency, supervised by the court, into the Sabarimala gold scam. The protest, led by MP Anto Antony, will be held at the Parliament gate at 10:30 am.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."