ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും
തിരുനാവായ: ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായം 60 ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാൻ വൈകിയതുമൂലം 58 വയസ്സിൽ വിരമിക്കേണ്ടി വന്ന 47 അധ്യാപകരെ തിരിച്ചെടുക്കാനുള്ള ഹൈക്കോടതി നിർദേശം നടപ്പായാൽ സ്ഥാനക്കയറ്റം ലഭിച്ച 47 പ്രിൻസിപ്പൽമാർക്ക് താഴെയിറങ്ങേണ്ടിവരും.
ഐ.എച്ച്.ആർ.ഡിയിലെയും സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ചിലെയും വിരമിക്കൽ പ്രായം 58ൽനിന്ന് 60 ആക്കാൻ മേയ് 28ലെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സി.എച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പെൻഷൻ പ്രായം വർധിപ്പിച്ച് മേയ് 30നുതന്നെ ഉത്തരവിറങ്ങി. എന്നാൽ ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായം വർധിപ്പിച്ച ഉത്തരവ് ഓഗസ്‌റ്റ് 13 വരെ സർക്കാർ നീട്ടി കൊണ്ടുപോയതാണ് തിരിച്ചടിയായത്.
58 വയസ് പൂർത്തിയായി മേയ് 31നു വിരമിക്കേണ്ടിവന്ന 47 പേർക്ക് ഈ തീരുമാനത്തിന്റെ ആനുകൂല്യം ലഭിച്ചില്ല. ഇതാണ് പ്രശ്നം കോടതി ഇടപെടുന്നതിലേക്ക് എത്തിച്ചത്. വർധിപ്പിച്ച പെൻഷൻ പ്രായത്തിൻ്റെ അനുകൂല്യം ലഭിക്കാത്തവർ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവു നേടിയത്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ നിർബന്ധിതരാകുമ്പോൾ കൂടുതൽ നിയമക്കുരുക്കിലേക്കാണ് സർക്കാർ ചെന്ന് പെടുക. വിരമിച്ച അധ്യാപകരുടെ ഒഴിവിലേക്ക് പ്രിൻസിപ്പൽമാരായി നിയമാനുസൃതം സ്ഥാനക്കയറ്റം നൽകിയവരെ താഴെയിറക്കുന്നതാണ് വീണ്ടും നിയമ വ്യവഹാരങ്ങളിലേക്ക് എത്തിപ്പെടുക. കോടതി വിധി നടപ്പാക്കുന്നതിനായി സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തി അധികശമ്പളം തിരിച്ചു പിടിക്കേണ്ടി വരുന്നതാണ് നിയമ നടപടിയിലേക്ക് എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."