ശമ്പളം വെട്ടിക്കുറച്ച നടപടി ; ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍
ഡി.എം.ഒ വിളിച്ച യോഗത്തില്‍ നിന്നു ഡോക്ടര്‍മാര്‍ വിട്ടു നിന്നു
കാഞ്ഞങ്ങാട്: ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തില്‍. കെ.ജി.എം.ഒയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് നിസ്സഹകരണ സമരം തുടരുന്നത്. ഇതേ തുടര്‍ന്നു ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള യോഗങ്ങള്‍ ഫലപ്രദമായി നടക്കുന്നില്ല. കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗം ഡോക്ടര്‍മാര്‍ സംബന്ധിക്കാത്തതിനാല്‍ നടന്നില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം ആറു മുതല്‍ നിസ്സഹകരണ സമരത്തിലാണ്. ഇതിന്റെ ഭാഗമായി അവലോകന യോഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍, വി.ഐ.പി ഡ്യൂട്ടി, പരിശീലന പരിപാടികള്‍ എന്നിവ ബഹിഷ്‌ക്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളിലെ പേ വാര്‍ഡില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതും നിര്‍ത്തി വച്ചിരിക്കുകയാണ്.
പത്താം ശമ്പള പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തിലുണ്ടായ വെട്ടിക്കുറക്കലിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഈ മാസം ആറു മുതല്‍ നിസ്സഹരണ സമരം തുടങ്ങിയത്. പ്രശ്‌നത്തിനു പരിഹാരമായില്ലെങ്കില്‍ തിരുവോണദിവസം സെക്രട്ടറിയേറ്റ് നടയില്‍ ഉപവസിക്കാനും ഈ മാസം 27 നു സൂചനാ പണിമുടക്കു നടത്താനും ഒക്ടോബറില്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാനും കെ.ജി.എം.ഒ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം യോഗങ്ങളിലും മറ്റു ചടങ്ങുകളിലും സംബന്ധിക്കാത്തതു മാത്രമാണു ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ നിസ്സഹകരണം കാരണം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തടസ്സപ്പെട്ടിട്ടില്ല. ഡോക്ടര്‍മാര്‍ എല്ലാ ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."