സി.ഐ മര്‍ദിച്ചതായി ആരോപണം ഇരിട്ടി റൂട്ടില്‍ സ്വകാര്യബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്
കണ്ണൂര്‍/മട്ടന്നൂര്‍: മട്ടന്നൂര്‍ കണ്ണൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ സി.ഐ മര്‍ദിച്ചു എന്നാരോപിച്ച് ഇന്നലെ മട്ടന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി റൂട്ടുകളില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സി.ഐ ഷജു ജോസഫ് പൊലിസ് സ്റ്റേഷനില്‍ വച്ച് ആഷിക് ബസ് ഡ്രൈവര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശി പി.കെ നൗഷാദിനെ മര്‍ദ്ദിച്ചത്. സമയം തെറ്റി മട്ടന്നൂരില്‍ എത്തിയെന്ന കാരണത്തെ തുടര്‍ന്ന് നൗഷാദിന്റെ ലൈസന്‍സ് സി.ഐ പിടിച്ചെടുത്തിരുന്നു.
രാത്രി ലൈസന്‍സിനായി സ്റ്റേഷനിലെത്തിയപ്പോഴാണ് സി.ഐ മര്‍ദിച്ചതെന്ന് നൗഷാദ് പരാതിപ്പെട്ടു. എന്നാല്‍ സമയം തെറ്റി വന്നതിനെ തുടര്‍ന്ന് പെറ്റികേസ് മാത്രമാണ് എടുത്തതെന്നും ഡ്രൈവറെ മര്‍ദിച്ചിട്ടില്ലെന്നും സി.ഐ ഷജു ജോസഫ് പറഞ്ഞു.
മുഖത്തിനും കഴുത്തിനുമേറ്റ പരുക്കുകളോടെ നൗഷാദിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു. പിന്നീട് എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയിലൂടെ സമരം പിന്‍വലിച്ചു. ബസ് തൊഴിലാളിയെ മര്‍ദ്ദിച്ച പൊലിസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പൊലിസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലിസ് മേധാവിയോട് നിര്‍ദ്ദേശിക്കാനും ധാരണായി. മുന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ജില്ലയിലെ ഗതാഗത രംഗത്തുളള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനായി റവന്യൂ, പൊലിസ്, ഗതാഗതം, ബസുടമകള്‍ പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം അടുത്തമാസം ചേരും.
ഈ യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം തേടും. യോഗത്തില്‍ ആര്.ടി.ഒ കെ.സി മോഹനന് നമ്പ്യാര്‍, ഡെപ്യൂട്ടി കലക്ടര്‍ (ട്രെയിനി) സി ബിജു, ട്രാഫിക് എസ്.ഐ കെ സുധാകരന്, ബസുടമ, തൊഴിലാളി സംഘടനാ പ്രതിനിധികളായ വി.ജെ സൊബാസ്റ്റ്യന്‍, രാജ്കുമാര്, കെ ജയരാജന്, പി സൂര്യദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."