പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി അട്ടിമറിച്ചു എന്നാരോ പിച്ച് പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജില്ലാ ആസൂത്രണ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിനു വേണ്ടി വികസന സെമിനാറും ഭരണസമിതിയും അംഗീകരിച്ച പദ്ധതിയാണ് അട്ടിമറിച്ചത്. പഞ്ചായത്തിന്റെ രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത റോഡിനും പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിക്കാത്ത ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിനും വേണ്ടി പദ്ധതി പണം വകയിരുത്തി, സ്വന്തമായി കെട്ടിടം ഇല്ലാത്ത അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാനുള്ള നിര്‍ദേശം പദ്ധതിയില്‍ നിന്നു നീക്കം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് യു.ഡി.എഫ് ഉന്നയിച്ചത്. ഇതിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ കലക്ടര്‍ക്ക് പരാതിയും നല്കി. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഭരണസമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യപ്രകാരം ഇന്ന് അടിയന്തര ഭരണസമിതി വിളിച്ചിരുന്നെങ്കിലും യോഗം നടന്നില്ല. യോഗം നടന്നു എന്ന് രേഖപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിക്ക് മുമ്പാകെ പദ്ധതി സമര്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. മയ്യില്‍ പോലിസിന്റെ സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ചയ്ക്കൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."