ഈരാറ്റുപേട്ട നഗരസഭാ പ്രോജക്റ്റില്‍ പ്രതിപക്ഷത്തിന് അവഗണന
ഈരാറ്റുപേട്ട: പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പപറത്തിയും പ്രതിപക്ഷവാര്‍ഡുകളെ പാടെ അവഗണിച്ചും നഗരസഭ തയാറാക്കി ഡി പി സി അംഗീകാരത്തതിനായി അയച്ചിരിക്കുന്ന പ്രോജക്റ്റിനെതിരെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത്. സ്റ്റാന്റിംഗ് കമ്മറ്റികളെയും നഗരസഭാ കൗണ്‍സിലിനെയും നോക്കുകുത്തിയാക്കിയും വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങളെ പാടെ അവഗണിച്ചും രണ്ടോ മൂന്നോ കൗണ്‍സിലര്‍മാര്‍ ചേര്‍ന്നിരുന്ന് പാതിരാത്രിയില്‍ തയാറാക്കിയ അന്തിമപ്രോജക്റ്റ് നിയമവരുദ്ധവും തുല്യനീതിക്ക് നിരക്കാത്തതുമാണെന്നും ഇതിനെതിരെ ഡി.പി.സിക്ക് പരാതി നല്‍കിയതായും വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
2014-15 ല്‍ തന്നെ തനതുഫണ്ട് മൈനസായ നഗരസഭയില്‍ 2015-16 വര്‍ഷത്തെ തനതുഫണ്ടുപയോഗിച്ചു പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ തുക കൊടുക്കാന്‍ ഇന്നും 40 ലക്ഷത്തോളം രൂപയുടെ ബാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ബാധ്യതയുള്ളപ്പോള്‍ 2016-17 ല്‍ ഒന്നേമുക്കാല്‍ കോടി രൂപ തനതുഫണ്ടില്‍ കാണിച്ച് പ്രോജക്റ്റ് അയച്ചിരിക്കുന്നത് ജനങ്ങളെ വിഡ്ഡികളാക്കാനാണെന്ന് പ്രതിപക്ഷം. ഒരിക്കലും ലഭ്യമാവാത്ത ഈ തനതുഫണ്ട് പ്രതിപക്ഷമെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് നീക്കിവെക്കുകയും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പ്ലാന്‍ഫണ്ട് ഭരണകക്ഷി എസ് ഡി പി ഐ മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് അനുവദിച്ചതിനു എതിരെ പ്രതിഷേധം ശക്തമാണ്.
നിലവില്‍ നഗരസഭയുടെ അധീനതയിലുള്ള ഏതാണ്ട് എല്ലാ ടാര്‍ റോഡുകളും ജീര്‍ണാവസ്ഥയിലാണ്. ഇത്തരം റോഡുമെയിന്റനന്‍സിനുള്ള 52 ലക്ഷം രൂപ ഭരണകക്ഷിയുടെ വാര്‍ഡിലെ പുതിയ റോഡിനുള്ള കോണ്‍ക്രീറ്റിംഗിനു മാറ്റിവെക്കുകയും പ്രതിപക്ഷം ആവശ്യപ്പെട്ട ടാര്‍ റോഡുകള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റ് തരാതെ ലഭിക്കാന്‍ സാധ്യതയില്ലാത്ത തനതുഫണ്ട് നീക്കിവെച്ചിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് തികച്ചും ഘടകവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഭരണകക്ഷി മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ പല പ്രവൃത്തികള്‍ക്കും ആവശ്യത്തിലധികം തുക നീക്കിവെച്ചിരിക്കുന്നതും ഒരേ റോഡില്‍ തന്നെ പേരുമാറ്റിവെച്ച് ഒന്നിലധികം പ്രോജക്റ്റുകള്‍ വെച്ചിരിക്കുന്നതിനു പിന്നില്‍ അഴിമതിയാണെന്നും ഇക്കൂട്ടര്‍ പറയുന്നു. എല്ലാ മെമ്പര്‍മാര്‍ക്കും 5 ലക്ഷത്തിന്റെ പദ്ധതികള്‍ എന്നുപറഞ്ഞ് കൗണ്‍സിലില്‍ തീരുമാനിക്കുകയും പിന്നീട് ഭരണകക്ഷിക്കും എസ്.ഡി.പി.ഐക്കും 11 ലക്ഷം മുതല്‍ 20 ലക്ഷം വരെയും പ്രതിപക്ഷത്തിന് മൂന്നരലക്ഷം മുതല്‍ 5 ലക്ഷം വരെയും ഫണ്ട് വകയിരുത്തിയത് രാഷ്ട്രീയപ്രേരിതമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി തയാറാക്കിയിട്ടുള്ള ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ പ്രോജക്റ്റിന്ന് അംഗീകാരം നല്‍കിയാല്‍ നഗരസഭാ ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സമരപരിപാടികള്‍ക്ക് തുടക്കംകുറിക്കാനും യോഗം തീരുമാനിച്ചു
.ലീഗ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി.എം സിറാജ്. കൗണ്‍സിലര്‍മാരായ നിസാര്‍കുര്‍ബാനി, അഡ്വ വി പി നാസര്‍, സി പി ബാസിത്ത്, പി എം അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, കെ പി മുജീബ്, ഷഹ്ബാനത്ത് ടീച്ചര്‍, റാഫി
അബ്ദുല്‍ഖാദര്‍, ബീമ നാസര്‍ ,ഫാത്തിമ അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."