ഒ.ഡി.എഫ് ജില്ല: ഒക്‌ടോബര്‍ 10 നകം ലക്ഷ്യം നേടാന്‍ പരിശ്രമിക്കണം
പൈനാവ്: സമ്പൂര്‍ണ്ണ തുറസ്സായ മലമൂത്ര വിസര്‍ജ്ജനരഹിത ജില്ലയെന്ന നേട്ടം കൈവരിക്കാന്‍ ഒക്‌ടോബര്‍ പത്തിനകം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് സംസ്ഥാന ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.വാസുകി പറഞ്ഞു. നവംബര്‍ ഒന്നിന് കേരളം തുറസ്സായ മലമൂത്ര വിസര്‍ജ്ജനരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന സാഹചര്യത്തില്‍ ജില്ല കൈവരിക്കേണ്ട ലക്ഷ്യം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം. നിര്‍വ്വഹണ ചുമതലയുള്ള ഏജന്‍സികളിലൊന്നായ ജലനിധിയില്‍നിന്നും ലഭിക്കേണ്ട അഡ്വാന്‍സ് അടിയന്തരമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ധനസഹായം ലഭിക്കുമെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള തുക റീഇംപേഴ്‌സ് ചെയ്തുകിട്ടുന്നതാണെന്നും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സന്നദ്ധസേവകരുടെ സഹായം ഉപയോഗപ്പെടുത്തണം.
ജില്ലയില്‍ പൂര്‍ത്തിയാക്കേണ്ട 22,246 ശൗചാലയങ്ങളില്‍ 4,660 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയായതായും 19,963 നിര്‍മ്മാണത്തിന് കരാര്‍ വച്ചതായും അവലോകനയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ,് ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സന്നദ്ധസംഘടനാ സര്‍ക്കാരിതര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."