സര്‍ക്കാര്‍ സമ്മാനിക്കുന്നത് സമൃദ്ധിയുടെ ഓണം: മന്ത്രി കടകംപള്ളി
തൊടുപുഴ: കേരളീയര്‍ക്ക് വളരെ ആഹ്ലാദത്തോടെ ഓണം ആഘോഷിക്കാനുള്ള സാഹചര്യമാണ് നൂറുദിനം കൊണ്ട് സര്‍ക്കാര്‍ ഒരുക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ 59-ാം സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലായിരത്തിലേറെ കോടി രൂപയാണ് സംസ്ഥാനത്ത് അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ചുരുങ്ങിയ നാളില്‍ നല്‍കിയത്. ക്ഷേമപെന്‍ഷനുകളുടെ കുടിശികയും ഒരു മാസത്തെ അഡ്വാന്‍സും നല്‍കി ഇവര്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. പാവപ്പട്ടവര്‍ക്ക് ഇക്കുറി ഓണം ആഘോഷിക്കാന്‍ കാണം വില്‍ക്കേണ്ട കാര്യമില്ല. നഴ്‌സുമാരുടെ അവകാശങ്ങളും പദവിയും ഉയര്‍ത്തിപ്പിടിക്കാന്‍ എക്കാലത്തും എല്‍ഡിഎഫ് സര്‍ക്കാരുകള്‍ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നഴ്‌സുമാര്‍ക്ക് മാന്യമായി തൊഴില്‍ ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ ഉറപ്പാക്കും.
തൊഴിലാളികള്‍ക്ക് എതിരായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നു. വിലക്കയറ്റം അവര്‍ക്ക് പ്രശ്‌നമല്ല. വിലക്കയറ്റത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞവര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ചെറുവിരല്‍ അനക്കിയില്ല. അവധിവ്യാപാരികളും ഊഹക്കച്ചവടക്കരും വന്‍കിട കോര്‍പറേറ്റുകളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."