"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ
ടൊറന്റോ: കാനഡയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിന് വിലയായി നൽകേണ്ടി വന്നത് ഒരു ഇന്ത്യൻ വംശജന്റെ ജീവൻ. എഡ്മണ്ടനിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ എട്ട് മണിക്കൂറിലധികം ചികിത്സയ്ക്കായി കാത്തിരുന്ന 44 കാരനായ പ്രശാന്ത് ശ്രീകുമാർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലെ കാലതാമസമാണ് മൂന്ന് കുട്ടികളുടെ പിതാവായ പ്രശാന്തിന്റെ ജീവൻ കവർന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ എമർജൻസി റൂമിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റി. വേദന അസഹനീയമാണെന്നും പത്തിൽ പതിനഞ്ച് എന്ന് രേഖപ്പെടുത്താവുന്ന അത്രയും കഠിനമാണെന്നും അദ്ദേഹം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.
പിന്നീട് നടത്തിയ ഇ.സി.ജി (ECG) പരിശോധനയിൽ കാര്യമായ കുഴപ്പമില്ലെന്ന് പറഞ്ഞ് അധികൃതർ അദ്ദേഹത്തോട് വീണ്ടും കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സമയം കടന്നുപോകുന്തോറും വേദന സംഹാരിയായി ടൈലനോൾ ഗുളിക നൽകിയതല്ലാതെ വിദഗ്ദ്ധ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ആശുപത്രിയിലെത്തിയ പിതാവ് കുമാർ ശ്രീകുമാറിനോട് "പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല" എന്ന് പ്രശാന്ത് കരഞ്ഞു പറഞ്ഞിരുന്നു. എട്ട് മണിക്കൂർ പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നു. ഒടുവിൽ ചികിത്സയ്ക്ക് വിളിച്ചെങ്കിലും പെട്ടെന്ന് നെഞ്ചിൽ കൈവെച്ച് പ്രശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. നഴ്‌സുമാർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കവനന്റ് ഹെൽത്ത് നെറ്റ്‌വർക്കിന് കീഴിലുള്ള ഗ്രേ നൺസ് ആശുപത്രി അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. രോഗിയുടെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ലെങ്കിലും കേസ് ചീഫ് മെഡിക്കൽ എക്സാമിനർ ഓഫീസിന്റെ പരിശോധനയിലാണെന്ന് അവർ സ്ഥിരീകരിച്ചു.
an indian origin man died in canada after allegedly failing to receive timely medical treatment despite waiting eight hours at a hospital. his final words to his father saying papa i am in pain have sparked outrage and grief. the incident raised serious concerns about healthcare delays emergency response and patient care standards prompting calls for investigation accountability and systemic reforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."