ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് കൊച്ചി
കൊച്ചി: ഓണവും ബലിപെരുന്നാളും ഒന്നിച്ചെത്തിയതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ഓണം, പെരുന്നാള്‍ വിപണികള്‍ സജീവമായതോടെ ആളുകള്‍ കൂട്ടത്തോടെ നഗരത്തിലേക്ക് ഒഴുകിയെത്തുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
വന്‍ തിരക്കാണ് നഗരത്തിലെ മിക്ക വിപണനശാലകള്‍ക്കു മുന്‍പിലും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ രോഡരികുകളില്‍ പാര്‍ക്ക് ചെയ്യുന്നതും നഗരത്തിലെ റോഡുകള്‍ക്ക് താങ്ങാവുന്നതിലുമധികം വാഹനങ്ങള്‍ എത്തുന്നതും റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കിന് കാരണമാകുന്നു
വൈറ്റില മുതല്‍ സൗത്തുവരെ സാധരണഗതിയില്‍തന്നെ നല്ല ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറ്. ആഘോഷങ്ങള്‍ അടുത്തെത്തിയതോടെ ഇത് ഇരട്ടിയായി. മണിക്കുറുകളാണ് ഇതിലുടെ യാത്രചെയ്യുന്നതിന് വാഹനയാത്രികര്‍ക്ക് വേണ്ടിവരുന്നത്. ഗതാഗതക്കുമൂലം ഓഫിസുകളിലും വിദ്യാലയങ്ങളിലും മറ്റും എത്താനുള്ളവര്‍ക്ക് സമയത്ത് എത്താന്‍ സാധിക്കാതെ വരുന്നു. നഗരത്തിലുള്ള ആശുപത്രികളിലേക്കെത്തുന്ന ആംബുലന്‍സുകളും കുരുക്കില്‍പ്പെടുന്ന അവസ്ഥയാണ്.
നഗരത്തിലെ തിരക്കിന്റെ പ്രതിഫലനം വ്യാപാരശാലകളിലും പ്രകടമായിരുന്നു. മിക്ക കടകളിലും നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരുന്നു. ഓണത്തോടനുബന്ധിച്ച് നടക്കുന്ന മേളകളിലും വന്‍ ജനത്തിരക്കാണ് പ്രകടമായത്.
അന്യ ജില്ലകളില്‍ നിന്നുള്ളവരും സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി നഗരത്തില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതല്‍ അവധിയായതിനാല്‍ തിരക്ക് ഇനിയും വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."