ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെ പരിശീലക ചുമതലയിൽനിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തുനിന്നുമാണ് ഗംഭീറിനെ മാറ്റാൻ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകരം വി.വി.എസ് ലക്ഷ്മണനെ സ്ഥാനം ഏൽപ്പിക്കുമെന്നാണ് വിവിദ ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീറിന് കീഴിൽ ഇന്ത്യക്ക് കാര്യമായ നേട്ടം കൊയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ പരിശീലനെ മാറ്റാൻ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഗംഭീറിന്റെ നിയമനത്തിനുശേഷം ഇന്ത്യ ടെസ്റ്റുകളിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരെ ഞെട്ടിക്കുന്ന പരമ്പര തോൽവി ഏറ്റുവാങ്ങി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സന്ദർശകർ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തു. ഒരു വർഷത്തിനുശേഷം, ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2-0ന് തോൽപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര 2-2 ന് സമനിലയിലാക്കുകയും ചെയ്തു. ഗംഭീറിന് കീഴിൽ, ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരെ മാത്രമാണ് ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയങ്ങൾ.
ഗംഭീറിന് പകരം ചുമതല ഏറ്റെടുക്കണമെന്ന് പറഞ്ഞ് ബി.സി.സി.ഐ വി.വി.എസ് ലക്ഷ്മണനെ സമീപിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ലക്ഷ്മണൻ ഇപ്പോൾ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ തലവനാണ്.
രാഹുൽ ദ്രാവിഡിന് ശേഷം ലക്ഷ്മണനെ പരിശീലകനാക്കാൻ ബി.സി.സി.ഐ ആലോചിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചതോടെയായിരുന്നു ഗംഭീറിന് നറുക്ക് വീണത്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചതിന് ശേഷമായിരുന്നു ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."