മഞ്ഞുമ്മലിലെ പുതുവീട്ടില്‍ ഇനി അമ്മ തനിച്ച്; സൗമ്യനും കലാസ്‌നേഹിയുമായി വിനോദിനെ ഓര്‍ത്ത് പ്രിയപ്പെട്ടവര്‍
തൃശൂര്‍ /കൊച്ചി: മഞ്ഞുമ്മലിലെ പുതുവീട്ടില്‍ ഇനി അമ്മ തനിച്ചാണ്. കിനാക്കള്‍ ചേര്‍ത്ത് വെച്ച് പണി തീര്‍ത്ത വീട്ടില്‍ അമ്മക്കൊപ്പം ചേര്‍ന്നിരിക്കാന്‍ അമ്മ രുചി നുണയാന്‍ ദീര്‍ഘയാത്രയുടെ ആലസ്യം മറക്കാത്ത നിറചിരിയുമായി ആ മകന്‍ ഇനി പടികടന്നു വരില്ല. തന്റെ ജോലി കൃത്യമായി ചെയ്യാനുള്ള തീരുമാനം അവന്റെ ജീവനെടുക്കുകയായിരുന്നു. മുളങ്കുന്നത്തുകാവിനു സമീപം തീവണ്ടിയില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ വിനോദ് കണ്ണന്റെ മഞ്ഞുമ്മല്‍ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്‌നിലെ വീട്ടില്‍
വൈകിയാണ് വാര്‍ത്ത അറിയിച്ചത്. മകന്റെ ദുരന്തവാര്‍ത്ത അമ്മയില്‍ നിന്ന് പരിസരവാസികള്‍ മറച്ചുവെച്ചു. രാത്രിയോടെ സഹോദരി സന്ധ്യ എത്തിയപ്പോഴാണ് അമ്മയെ വിവരമറിയിച്ചത്.
ജനുവരി 28നായിരുന്നു പുതിയ വീടിന്റെ പാലുകാച്ചല്‍. ഫെബ്രുവരി നാലിന് അമ്മയ്‌ക്കൊപ്പം താമസം തുടങ്ങി. പുതിയ വീട്ടില്‍ താമസം തുടങ്ങി രണ്ടുമാസമേ ആയിട്ടുള്ളൂവെങ്കിലും മഞ്ഞുമ്മല്‍ നിവാസികള്‍ക്ക് പരിചിതനാണ് വിനോദ്. ചൊവ്വാഴ്ച ഉച്ചവരെ അമ്മയോടൊപ്പം കഴിഞ്ഞ് മൂന്നരയോടെയാണ് ജോലിക്കായി പുറപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വിനോദ് 1992 മുതല്‍ എറണാകുളത്താണ് താമസം. പുതിയ വീട്ടിലേക്ക് മാറും മുന്‍പ് എളമക്കര പോണേക്കരയില്‍ സഹോദരി സന്ധ്യയുടെ വീടിനു സമീപം അമ്മയ്‌ക്കൊപ്പം വാടകയ്ക്കായിരുന്നു താമസം.
തികഞ്ഞ കലാ സ്‌നേഹിയും സൗമ്യനുമായിരുന്നു വിനോദെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഇദ്ദേഹം യാത്രികരോട് സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ സ്മരിക്കുന്നു. എന്തുസഹായവും ആര്‍ക്കും ചെയ്തു നല്‍കിയിരുന്നു. പുലിമുരുകനിലെ വേഷം ത്രസിപ്പിക്കുന്നതായിരുന്നുവെന്ന് വിനോദ് അടുപ്പമുള്ളവരോടു പറഞ്ഞിരുന്നു. നല്ല നിലാവുള്ള രാത്രി എന്ന സിനിമയില്‍ മികച്ച വേഷം ചെയ്തു. ജോസഫ്, ആന്റണി എന്നീ സിനിമകളടക്കം 14 ഓളം വേഷങ്ങളില്‍ വേഷമിട്ടു. ബാലാമണി എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ആഷിക് അബുവിന്റെ സിനിമയിലൂടെയാണ് ആദ്യമായി വേഷമിട്ടത്. വിനോദ് കണ്ണന്‍ എന്നാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്.
റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി രജനീകാന്ത രണജിത്ത് നല്‍കിയ മൊഴി. പ്രതിയെ തൃശ്ശൂരിലേക്ക് മാറ്റുന്നതിനായി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതികരണം. ജനറല്‍ ടിക്കറ്റില്‍ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോട പിറകില്‍ നിന്ന് തള്ളുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. ബാര്‍ഹോട്ടലില്‍ കഴിഞ്ഞ ദിവസം വരെ പ്രതി ജോലി ചെയ്തിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു.
രാത്രി 8.30നാണ് രജനീകാന്ത രണജിത്തിനെ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പൊലിസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുന്നത്. സീറ്റില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച പ്രതിയെ നേരിയ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരുചോദിച്ചെങ്കിലും മദ്യലഹരിയില്‍ വ്യക്തമല്ലാത്ത മറുപടിയാണ് പറഞ്ഞത്. ഇതിനിടെ, പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് തിരിച്ചറിയല്‍കാര്‍ഡ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് തീപ്പൊള്ളലേറ്റ് കാലിലെ പേശികള്‍ ചുരുങ്ങിയതിനാല്‍ പ്രതി നടക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പ് ഇരുചക്രവാഹനമിടിച്ച് രണ്ടാമത്തെ കാലിനും പരിക്കുണ്ട്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാളെ താങ്ങിപ്പിടിച്ചാണ് നടത്തിക്കൊണ്ടുപോയത്.
ടി.ടി.ഇ.യെ തള്ളിയിടുന്നത് ഒഡിഷ സ്വദേശികളായ രണ്ടുപേരാണ് നേരില്‍ കണ്ടതെന്നാണ് വിവരം. എന്നാല്‍, ഇവര്‍ക്ക് കുറ്റകൃത്യം തടയാനുള്ള സമയം കിട്ടിയിരുന്നില്ല. ഇവരുടെ മൊഴി പാലക്കാട് റെയില്‍വേ പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും അറിയിച്ചാണ് ഇവരെ ഇതേ തീവണ്ടിയില്‍ പറഞ്ഞുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."