ന്യൂ ഇയറില്‍ ന്യൂയോര്‍ക്കിന് ന്യൂ മേയര്‍; മംദാനിയുടെ സത്യപ്രതിജ്ഞ ഖുര്‍ആന്‍ കൈകളിലേന്തി
ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്കിന് പുതിയ മേയര്‍. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പില്‍ വിജയിച്ച സൊഹ്റാന്‍ മംദാനി 80 ലക്ഷം പേര്‍ താമസിക്കുന്ന ന്യൂയോര്‍ക്കിന്റെ മേയറായി പുതുവത്സരദിനത്തില്‍ സ്ഥാനമേല്‍ക്കും. അര്‍ധരാത്രിയാണ് സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് ന്യൂയോര്‍ക്കില്‍ പുതുവര്‍ഷം പിറക്കുന്നത്. നാലു വര്‍ഷമാണ് മേയറുടെ കാലാവധി. ജനുവരി ഒന്നുമുതല്‍ മംദാനിയുടെ ഭരണം തുടങ്ങും. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കയ്യിലേന്തിയാകും സത്യപ്രതിജ്ഞയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മംദാനിയുടെ മുന്‍ഗാമികളെല്ലാം ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയവരാണ്.
അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിന്റെ മേയര്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ഓള്‍ഡ് സിറ്റി ഹാള്‍ സബ് വേ സ്റ്റോപ്പില്‍ ആണ് 34 കാരനായ മംദാനി സത്യപ്രതിജ്ഞ ചെയ്യുക. നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവര്‍ഗ പോരാട്ടത്തേയും കുറിക്കുന്നതാണ് സിറ്റി ഹാളെന്ന് മംദാനി ചൂണ്ടിക്കാട്ടി. പൊതു, സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഖുര്‍ആന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. വ്യാഴാഴ്ച രാവിലെ നടക്കുന്ന സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങില്‍, മംദാനി തന്റെ മുത്തച്ഛന്റെയും കറുത്തവര്‍ഗക്കാരനായ എഴുത്തുകാരനും ചരിത്രകാരനുമായ അര്‍തുറോ ഷോംബര്‍ഗിന്റെ ഖുറാനും ഉപയോഗിക്കും. തന്റെ മുസ് ലിം അസ്ഥിത്വം തുറന്നുകാട്ടിയാണ് മംദാനി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്.
ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ നിന്ന് ഇത് മേയര്‍ക്ക് കൈമാറും. സിറ്റി ഹാളിലെ പൊതുചടങ്ങില്‍ രണ്ട് ഖുര്‍ആനുകളാണ് മംദാനി കൈവശം വെക്കുക. തന്റെ മുത്തച്ഛനും മുത്തശ്ശിയും ഉപയോഗിച്ചിരുന്ന ഖുര്‍ആനാണ് അതിലൊന്ന്. അടുത്തത് ഒരു പോക്കറ്റ് സൈസ് ഖുര്‍ആനും. 18ാം നൂറ്റാണ്ടിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ അച്ചടിച്ചതാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ ഷോംബര്‍ഗ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ബ്ലാക്ക് കള്‍ച്ചറിലെ ശേഖരത്തിന്റെ ഭാഗമാണിത്.
ഖുര്‍ആനിന്റെ ആ പകര്‍പ്പ് നഗരത്തിലെ മുസ്‌ലിംകളുടെ വൈവിധ്യത്തെയും വ്യാപ്തിയെയും പ്രതീകപ്പെടുത്തുന്നുവെന്ന് മിഡില്‍ ഈസ്റ്റേണ്‍, ഇസ്‌ലാമിക് സ്റ്റഡീസിനായുള്ള ലൈബ്രറിയുടെ ക്യൂറേറ്റര്‍ ഹിബ ആബിദ് പറഞ്ഞു.
'ഇതൊരു ചെറിയ ഖുറാനാണ്, പക്ഷേ ഇത് ന്യൂയോര്‍ക്ക് നഗര ചരിത്രത്തിലെ വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നു,' ആബിദ് ചൂണ്ടിക്കാട്ടി.
ഹാര്‍ലെം നവോത്ഥാനത്തിന് രൂപം നല്‍കിയ ആഫ്രോ-ലാറ്റിനോ എഴുത്തുകാരനായ ഷോംബര്‍ഗിന്റെ ഖുര്‍ആന്‍ പ്രദര്‍ശിപ്പിക്കുന്നത്, നഗരത്തിലെ വിശ്വാസങ്ങളുടെയും വംശീയ പശ്ചാത്തലങ്ങളെയും അടിവരയിടാന്‍ സഹായിക്കുമെന്നും വിലയിരുത്തപെടുന്നു.
വാടകയില്‍ ഇളവ്, സൗജന്യ ബസ് സര്‍വിസ്, ആരോഗ്യ സുരക്ഷ തുടങ്ങിയവ നടപ്പാക്കുമെന്നാണ് മംദാനിയുടെ പ്രഖ്യാപനം. ഇതിനായി അതിസമ്പന്നരുടെ നികുതി വര്‍ധിപ്പിച്ച് ഫണ്ട് കണ്ടെത്തും. 20 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. 50 ശതമാനത്തിലേറെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. ഉഗാണ്ടയില്‍ ജനിച്ച മംദാനി ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്‌ലിം മേയറാണ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു പിന്നാലെ മംദാനിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. മംദാനിയെ മുക്തകണ്ഠം പ്രശംസിച്ച ട്രംപ്, മംദാനി മേയര്‍ ആയിരിക്കെ തന്റെ നാടായ ന്യൂയോര്‍ക്കില്‍ താമസിക്കുന്നതില്‍ സന്തുഷ്ടനാണെന്നും വ്യക്തമാക്കിയിരുന്നു.
sohran mamdani, the first muslim mayor of new york city, will assume office on january 1 after a landslide election victory, pledging rent relief, free bus service, and healthcare reforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."