ഡയാലിസിസിനെ തുടർന്ന് അണുബാധയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ട് പേർ മരിച്ചു
ഹരിപ്പാട്(ആലപ്പുഴ): ഡയാലിസിസിനെ തുടർന്നുണ്ടായ അണുബാധയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രോഗികൾ മരിച്ചതായി പരാതി. പച്ചക്കറി വ്യാപാരി വെട്ടു വേനി ചക്കനാട്ട് രാമചന്ദ്രൻ (60) ആണ് ഇന്നലെ മരിച്ചത്. രാമചന്ദ്രനൊപ്പം ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത കായംകുളം പുളിമുക്ക് സ്വദേശി മജീദ് (52) തിങ്കളാഴ്ച മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 6നാണ് രാമചന്ദ്രനെ ഡയാലിസിസിന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. ഒരു ഷിഫ്റ്റിൽ 7 പേർക്കാണ് ഡയാലിസിസ് നടത്തുന്നത്. ഒരാളൊഴികെ ബാക്കി 6 പേർക്കും വിറയൽ ഉണ്ടായതിനെ തുടർന്ന് ഡയാലിസിസ് നിർത്തിവച്ചു. രാമചന്ദ്രനെ വൈകിട്ട് 5 വരെ ഡോക്ടറുടെ നിർദേശപ്രകാരം ഒബ്സർവേഷൻ റൂമിൽ കിടത്തുകയും ചെയ്തു.
ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് അണുബാധയുണ്ടായെന്ന് അറിയിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിൽ ഐ.സി.യു ഒഴിവില്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ബുധനാഴ്ച പുലർച്ചെ രാമചന്ദ്രൻ മരിച്ചു.
മജീദ് കായംകുളത്തുനിന്ന് ഓട്ടോ ഓടിച്ചാണ് പതിവായി ഡയാലിസിസിന് ഹരിപ്പാട് ആശുപത്രിയിൽ എത്തിയിരുന്നത്. ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് മരിച്ചത്. കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (60) അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഡയാലിസിസ് മെഷീനുണ്ടായ തകരാറാണോ മറ്റു കാരണമാണോ എന്നറിയാൻ വിദഗ്ധ സംഘം ഹരിപ്പാട് ആശുപത്രി സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആരോഗ്യ മന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."