ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനരോഷം; പ്രതിഷേധം അക്രമാസക്തം, മൂന്ന് മരണം
തെഹ്‌റാൻ: കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും കറൻസിയുടെ മൂല്യത്തകർച്ചയ്ക്കുമെതിരെ ഇറാനിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. തെക്കുപടിഞ്ഞാറൻ ഇറാനിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച ഒരാളും വ്യാഴാഴ്ച രണ്ട് പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച കടയുടമകൾ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഗ്രാമീണ പ്രവിശ്യകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 40 ശതമാനത്തിന് മുകളിൽ നിൽക്കുന്ന പണപ്പെരുപ്പവും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളുമാണ് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തത്. ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈലും അമേരിക്കയും നടത്തിയ വ്യോമാക്രമണങ്ങൾ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വഷളാക്കിയിരുന്നു.
തെഹ്‌റാനിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ലൂർ വംശജർ താമസിക്കുന്ന നഗരങ്ങളിലാണ് പ്രധാനമായും സംഘർഷം നടക്കുന്നത്. കൗഹ്ദാഷിൽ നടന്ന കല്ലേറിൽ 13 പൊലിസ് ഉദ്യോഗസ്ഥർക്കും ബാസിജ് സേനാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. ലോർഡെഗൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെടിയൊച്ചകൾ മുഴങ്ങുന്നതിന്റെയും പ്രതിഷേധക്കാർ ഒത്തുകൂടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതിഷേധം ശക്തമായതോടെ മുൻപത്തേതിനേക്കാൾ മൃദുവായ സമീപനമാണ് ഇറാൻ സർക്കാർ സ്വീകരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രേഡ് യൂണിയനുകളുമായും വ്യാപാരി പ്രതിനിധികളുമായും നേരിട്ട് ചർച്ച നടത്തുമെന്ന് സർക്കാർ വക്താവ് ഫാത്തിമ മൊഹജെറാനി അറിയിച്ചു. സാമ്പത്തിക സമ്മർദ്ദവും ഉപജീവനമാർഗ്ഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ജനങ്ങളെ തെരുവിലിറക്കിയതെന്നും പൗരന്മാരുടെ ശബ്ദം നയപരമായി കേൾക്കണമെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
public anger has erupted across iran amid a deepening economic crisis. protests turned violent in several cities, leaving three people dead. authorities imposed security measures as demonstrations spread, highlighting inflation unemployment and mounting public frustration nationwide during ongoing political tensions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."