കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്
കോഴിക്കോട്: തിരുവള്ളൂരിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവത്തിൽ 15 പേർക്കെതിരെ വടകര പൊലിസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുഡ്‌സ് ഓട്ടോ ബൈക്കിൽ തട്ടിയെന്നാരോപിച്ചായിരുന്നു കൽപ്പത്തൂർ സ്വദേശിയായ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്.
ചാനിയം കടവിൽ നിന്നും തിരുവള്ളൂർ ഭാഗത്തേക്ക് പോകുകയായിരുന്നു യുവാവ്. യാത്രക്കിടെ ഗുഡ്‌സ് ഓട്ടോ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് ഒരു സംഘം യുവാവിനെ പിന്തുടർന്നു. തിരുവള്ളൂരിൽ വെച്ച് വാഹനം തടഞ്ഞുനിർത്തിയ അക്രമിസംഘം യുവാവിനെ ഓട്ടോയിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് യുവാവിനെ ഇവരുടെ കൈകളിൽ നിന്നും രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടിയെടുത്തത്. തിരുവള്ളൂർ സ്വദേശികളായ ബബിൻ, അഭിന്ദ്, നിജേഷ്, അശ്വന്ത്, മുഹമ്മദ് നജീർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് വടകര പൊലിസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന യുവാവ്, രോഗം ഭേദമായതിനെ തുടർന്ന് ജീവിതത്തിലേക്ക് മടങ്ങിവരുന്നതിൻ്റെ ഭാഗമായാണ് ജോലിക്ക് പോയി തുടങ്ങിയത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട മർദനവും ആൾക്കൂട്ട ആക്രമണവും യുവാവിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Police have registered a case against 15 people following a mob attack on a goods auto driver at Thiruvallur in Kozhikode. The victim, a native of Kalpathur, was intercepted and brutally assaulted by a group on Monday evening, alleging that his vehicle had hit a motorcycle. The youth, who had recently returned to work after recovering from mental health issues, is reported to be traumatized by the incident. Based on a complaint filed by his relatives, the Vadakara police booked the accused for unlawful assembly and voluntary causing hurt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."