സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ താഴോട്ട്; അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിൽ
പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുമ്പോഴുള്ള നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാർഗരേഖയും ഇതുവരെ തയാറായില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള നിരോധനം നീക്കുന്ന ബിൽ കേന്ദ്ര സർക്കാർ പാസാക്കി വർഷം മൂന്ന് കഴിഞ്ഞിട്ടും കാര്യങ്ങളെല്ലാം പഴയപടി തന്നെയാണ്. ഇതു സംബന്ധിച്ച് സർക്കാരുമായി പലവട്ടം ചർച്ചകൾ നടന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്തു നാട്ടാനകളുടെ എണ്ണം കുത്തനെ കുറയുകയാണ്. മുന്നൂറിലേറെ ആനകൾ മാത്രമാണുള്ളത്. എഴുന്നെള്ളിപ്പുകൾക്ക് ഉപയോഗിക്കാനാകുന്നതു നൂറ്റിയെഴുപതു മാത്രം. എണ്ണം കുറഞ്ഞതോടെ ഉള്ളവയുടെ ജോലിഭാരവും കൂടി.
ഉടമസ്ഥാവകാശമുള്ള ആർക്കും മുൻകൂർ അനുമതിയോടെ ആനകളെ രാജ്യത്ത് എവിടേക്കും കൊണ്ടപോകാൻ കഴിയുന്ന വിധത്തിലാണു നിയമഭേദഗതി. കേരളത്തിലെ പല ആന ഉടമകളും അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോയി ദീർഘകാല കരാർ വ്യവസ്ഥയിലും മറ്റും ആനകളെ കൊണ്ടുവരാൻ തിരഞ്ഞെടുത്തിരുന്നു.
സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ കുറഞ്ഞ് ഉത്സവ എഴുന്നെള്ളിപ്പുകൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് അനിശ്ചിതത്വം. 2022 ഡിസംബറിലാണു വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ബിൽ പാർലമെന്റ് പാസാക്കിയത്. തുടർ നടപടികൾക്കു സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തേക്കു പുതിയ കൊമ്പൻമാർ എത്തുമെന്നായിരുന്നു പ്രതീക്ഷ.
തിരക്കേറിയ ഉത്സവകാലത്ത് ഇവയ്ക്കു മതിയായ വിശ്രമത്തിനുപോലും സമയം ലഭിക്കുന്നില്ല. പാലക്കാട് ജില്ലയിൽ ഉത്സവ സീസണിന് തുടക്കമായി. ഒന്നിലധികം ഉത്സവങ്ങളുള്ള ദിവസങ്ങളാണെങ്കിൽ താരമൂല്യമുള്ള ആനകൾക്കു ശരാശരി നാല് ലക്ഷത്തോളം രൂപ നൽകണം. ലേലത്തിലേക്കു നീങ്ങിയാൽ ഏക്കത്തുക റെക്കോർഡിലേക്കും കുതിച്ചുയരും.
the rules and guidelines related to the law on bringing elephants from other states have not yet been prepared. even after three years since the central government passed the bill lifting the ban on bringing elephants from other states, things are still the same.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."