കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ
ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്വാദ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും മികച്ച ആവറേജുള്ള ഇന്ത്യൻ താരമായാണ് ഗെയ്ക്വാദ് റെക്കോർഡിട്ടത്. വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയുടെ താരമായ ഗെയ്ക്വാദ് മുംബൈക്കെതിരെ നേടിയ അർദ്ധ സെഞ്ച്വറിക്ക് പിന്നാലെയാണ് ഗെയ്ക്വാദിനെ തേടി ഈ നേട്ടമെത്തിയത്.
മത്സരത്തിൽ 52 പന്തിൽ 66 റൺസ് നേടിയാണ് ചെന്നൈ നായകൻ തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 57.69 ആവറേജിലാണ് താരം ലിസ്റ്റ് എ ക്രിക്കറ്റിൽ ബാറ്റ് വീശിയിട്ടുള്ളത്. 57.67 ആവറേജുള്ള വിരാട് കോഹ്‌ലിയെ മറികടന്നാണ് ഗെയ്ക്വാദിന്റെ കുതിപ്പ്.
ഇന്ത്യക്കായി ഏകദിനത്തിലും മിന്നും പ്രകടനമാണ് ഗെയ്ക്വാദ് അടുത്തിടെ നടത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടി ഗെയ്ക്വാദ് മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിൽ 83 പന്തിൽ 108 റൺസാണ് ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഏകദിനത്തിലെ ഗെയ്ക്വാദിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കായി ഏകദിനത്തിലും ടി-20യിലും സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ കാലെടുത്തുവെച്ചത്. ഈ രണ്ട് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് ഗെയ്ക്വാദ്. സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ എന്നിവരാണ് രണ്ട് ഫോർമാറ്റിലും സെഞ്ച്വറി നേടിയത്.
അതേസമയം മുംബൈക്കെതിരായ മത്സരത്തിൽ മഹാരാഷ്ട്ര 128 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 42 ഓവറിൽ 238 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
Chennai Super Kings captain Ruturaj Gaikwad has created history in List A cricket. Gaikwad has set a record for the highest average in List A cricket. This achievement came after Maharashtra's Gaikwad scored a half-century against Mumbai in the Vijay Hazare Trophy. The Chennai captain shone in the match by scoring 66 runs off 52 balls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."