സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്
മസ്‌കത്ത്: ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോർഡ് വർദ്ധനവ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മസ്‌കത്ത്, സലാല വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതായാണ് റിപ്പോർട്ട്.
2025 നവംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 1.19 കോടിയിലധികം യാത്രക്കാരാണ് മസ്‌കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 1.8 ശതമാനം വർധനവുണ്ടായി.
യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും വിമാന സർവീസുകളുടെ എണ്ണത്തിൽ 4.1 ശതമാനം കുറവുണ്ടായി. മുൻവർഷത്തെ 87,911 സർവീസുകൾ എന്നത് ഈ വർഷം 84,296 ആയി കുറഞ്ഞിരുന്നു. മസ്‌കത്തിൽ നിന്നുള്ള ആഭ്യന്തര വിമാന ഗതാഗതത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ആഭ്യന്തര വിമാനങ്ങളുടെ എണ്ണത്തിൽ 6.7 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ 12.5 ശതമാനവും വർധനവ് രേഖപ്പെടുത്തി.
സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെയുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്. 10 ശതമാനം വർധനവോടെ നവംബർ വരെ 15.7 ലക്ഷം പേരാണ് സലാല വഴി യാത്ര ചെയ്തത്. മുൻവർഷം ഇത് 14.3 ലക്ഷമായിരുന്നു. സർവീസുകളുടെ എണ്ണത്തിലും 5.9 ശതമാനം വർധനവ് സലാലയിൽ ഉണ്ടായിട്ടുണ്ട്.
വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും കൂടുതൽ യാത്രക്കാർ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത് ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്കും വ്യോമഗതാഗത രംഗത്തിനും ശുഭസൂചനയാണ് നൽകുന്നത്.
oman has witnessed a notable rise in foreign arrivals, with airport passenger traffic increasing by ten percent. the growth reflects improved connectivity, tourism expansion, and rising interest among international travelers, strengthening the country’s aviation sector and overall economic outlook.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."