രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ
നാഗ്‌പൂർ: മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നു എന്നാരോപിച്ച് പന്ത്രണ്ട് വയസുകാരനായ മകനെ മാതാപിതാക്കൾ ചങ്ങലയിൽ ബന്ധിച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടി ഈ ക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു എന്നാണ് വിവരം.
മഹാരാഷ്ട്ര സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുമ്പോൾ ഒരു ബക്കറ്റിൽ നിൽക്കുന്ന രീതിയിൽ കുട്ടിയെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയായിരുന്നു. കുട്ടിയെ ഉദ്യോഗസ്ഥർ ഉടൻ മോചിപ്പിക്കുകയും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് കുട്ടിയെ കെട്ടിയിട്ടിരുന്നത്. കുട്ടിയുടെ മോഷണ സ്വഭാവം നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പൊലിസിന് നൽകിയ മൊഴി. രാവിലെ 9 മണിയോടെ കുട്ടിയെ കെട്ടിയിട്ട ശേഷം വൈകുന്നേരമാണ് ഇവർ തിരിച്ചെത്തിയിരുന്നത്. മോഷണ ശീലം കാരണം കുട്ടിയുടെ പഠനവും ഇവർ ഇടയ്ക്ക് വെച്ച് നിർത്തിച്ചിരുന്നു.
തുടർച്ചയായി ചങ്ങലയും കയറും ഉപയോഗിച്ച് കെട്ടിയിട്ടതിനെ തുടർന്ന് കുട്ടിയുടെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ക്രൂരത കുട്ടിയെ കടുത്ത മാനസികാഘാതത്തിലേക്കും നയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) കേസിൽ വിശദമായ വാദം കേൾക്കും. മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
In a shocking case of child abuse, a 12-year-old boy was found chained inside his home for nearly two months. The parents reportedly kept the child in shackles to prevent him from engaging in theft or other petty crimes. Authorities intervened after neighbors alerted them to the ongoing cruelty, and legal action is being taken against the parents for the extreme treatment of the minor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."