ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ
പാലക്കാട്: ആലത്തൂർ പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ പൊലിസ് പിടിയിലായി. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡ് ബൂത്ത് പ്രസിഡന്റ് പാടൂർ സ്വദേശി സുരേഷ് (സുര) ആണ് പഴനിയിൽ വെച്ച് ആലത്തൂർ പൊലിസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു കാവശേരി പാടൂരിലെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന 65-കാരിക്ക് നേരെ അതിക്രമമുണ്ടായത്. വയോധിക ഉറങ്ങിക്കിടക്കുമ്പോൾ വീടിന്റെ വശങ്ങൾ തകർത്ത് അകത്തുകയറിയ പ്രതി ഇവരെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ചതോടെ വയോധികയെ പ്രതി കഴുത്തുഞെരിച്ച് കൊല്ലാൻ മുതിരുകയുമായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടിയ വയോധിക ബഹളം വെച്ചതോടെ അയൽവാസികൾ ഓടിക്കൂടുകയും പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. പരുക്കേറ്റ വയോധിക നിലവിൽ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ പഴനിയിൽ നിന്നും ഇയാളെ പിടികൂടിയത്.
ലൈംഗികാതിക്രമത്തിന് പുറമെ മറ്റ് അക്രമ സംഭവങ്ങളിലും സുരേഷ് പ്രതിയാണെന്ന് പൊലിസ് കണ്ടെത്തി. വയോധികയെ ആക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുരേഷും മൂന്ന് കൂട്ടാളികളും ചേർന്ന് പാടൂർ അങ്ങാടിയിൽ പരസ്യമായി മദ്യപിക്കുകയും ഡിവൈഎഫ്ഐയുടെ ഫ്‌ളക്‌സ് ബോർഡുകൾ തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പഴനിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
A local BJP worker was arrested in Alathur, Palakkad, for allegedly sexually assaulting and attempting to murder a 65-year-old woman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."