യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രധാനമായും പരിഗണിക്കുന്നത് സ്ഥാനാർഥികളുടെ വിജയസാധ്യതയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നു എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥിത്വത്തെ ചൊല്ലി പാർട്ടിയിൽ ഉയർന്നുവന്ന പ്രായവിവാദങ്ങളിൽ മറുപടി നൽകുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും 53 ശതമാനത്തോളം യുവാക്കളെയും സ്ത്രീകളെയും പാർട്ടി പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ചെന്നിത്തല രൂക്ഷവിമർശനം ഉന്നയിച്ചു. കേരളത്തിൽ മതസ്പർദ്ധ വളർത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെയാണ് അദ്ദേഹം താലോലിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സർക്കാർ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷമാണ് സർക്കാർ സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വർഗീയ നിലപാട് സ്വീകരിക്കുന്നതാണ് നല്ലതെന്ന അവസ്ഥയിലാണ് സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമൂഹത്തിൽ മതനിരപേക്ഷ നിലപാടാണ് ആവശ്യമെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കോൺഗ്രസ് സംഘടിപ്പിക്കുന്ന 'ലക്ഷ്യ 2026' നേതൃക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും. സുൽത്താൻ ബത്തേരിയിൽ ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തെ 200 ഓളം പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ക്യാമ്പിലെ പ്രധാന അജണ്ടകൾ
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ചയാകും.
ക്യാമ്പിന് ശേഷം മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കും.
സർക്കാരിനെതിരായ വരുംകാല സമരമുറകൾക്ക് രൂപം നൽകും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് ചുമതലകൾ വിഭജിക്കുന്നതിലും നിർണായകമായ തീരുമാനങ്ങൾ ഈ ക്യാമ്പിലുണ്ടാകുമെന്നാണ് സൂചന.
senior congress leader ramesh chennithala has stated that the united democratic front's (udf) primary focus for the 2026 assembly elections will be the 'winnability' of candidates. addressing the media in thiruvananthapuram, he dismissed the ongoing age-related controversies, clarifying that while youth will be encouraged, senior leaders will also receive due consideration. he further criticized chief minister pinarayi vijayan, accusing the government of inciting communal tensions for political gain. meanwhile, the congress leadership camp 'lakshya 2026' has commenced in wayanad to finalize the election master plan and candidate selection criteria.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."