'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ
തിരുവനന്തപുരം: നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശന് വകതിരിവ് ഉണ്ടാകേണ്ടത് സ്വയമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജാതി ചോദിക്കരുതെന്നും പറയരുതെന്നും പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്ന ബോധം വേണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച വെള്ളാപ്പള്ളിയുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകൾ: "ഒരാളെയും നമുക്ക് തിരുത്താനാകില്ല. വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്. ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിച്ചാൽ മതി. ലോകത്ത് ആരെയും തിരുത്താനാകില്ല, സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം," മന്ത്രി വ്യക്തമാക്കി.
വിവാദത്തിന്റെ പശ്ചാത്തലം:
മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ വെള്ളാപ്പള്ളി തീവ്രവാദിയെന്ന് അധിക്ഷേപിച്ചിരുന്നു. പരാമർശം വിവാദമായതോടെ, താൻ പറഞ്ഞതിൽ തെറ്റില്ലെന്നും 'മതതീവ്രവാദി' എന്ന് വിളിക്കാത്തതാണ് തെറ്റെന്നും അദ്ദേഹം ആവർത്തിച്ചു. ഇതോടെയാണ് രാഷ്ട്രീയ കേരളം വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയത്.
വെള്ളാപ്പള്ളി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി സംഘപരിവാറിന്റെ നാവായി മാറിയെന്ന് എംഎസ്എഫും, മാധ്യമപ്രവർത്തകരെ അവഹേളിക്കുന്നത് ശരിയല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."