സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി
തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണശ്രമം. കോട്ടപ്പടി പെരുവഴിത്തോട് മാറോക്കി മിനി ടോമി, ചൂൽപ്പുറം വലിയ പുരക്കൽ വിപിനൻ എന്നിവരുടെ വീടുകളിലാണ് ഒരേ ദിവസം മോഷ്ടാവ് കയറിയത്. സ്വർണ്ണമോ പണമോ കണ്ടെത്താൻ കഴിയാതിരുന്ന മോഷ്ടാവ് വീട്ടിലെ അടുക്കളയിൽ കയറി ആഹാരം കഴിച്ച ശേഷമാണ് സ്ഥലം വിട്ടത്.
അടുക്കളയിൽ പാചകം, പിന്നാലെ മോഷണം
മിനി ടോമിയുടെ വീടിന്റെ വൈദ്യുതി ഫ്യൂസ് ഊരിമാറ്റിയ ശേഷം അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരകൾ കുത്തിത്തുറന്ന് പരിശോധിച്ചെങ്കിലും സ്വർണ്ണമോ പണമോ ലഭിച്ചില്ല. തുടർന്ന് അടുക്കളയിലെത്തിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന മൂന്ന് കോഴിമുട്ടകൾ പാചകം ചെയ്തു കഴിക്കുകയും ഫ്രിഡ്ജിലുണ്ടായിരുന്ന പപ്പായ ഭക്ഷിക്കുകയും ചെയ്തു.
വിദേശത്തിരുന്ന് ഉടമ കണ്ടു; പൊലിസ് പാഞ്ഞെത്തി
തൊട്ടടുത്തുള്ള വിപിനന്റെ വീട്ടിൽ മോഷ്ടാവ് കയറുമ്പോഴാണ് കഥ മാറിയത്. മതിൽ ചാടിക്കടന്ന് സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച ശേഷം മുൻവാതിലിന്റെ പൂട്ട് തകർക്കാനായിരുന്നു ശ്രമം. എന്നാൽ ഈ ദൃശ്യങ്ങൾ വിദേശത്തുള്ള വിപിനന്റെ മൊബൈൽ ഫോണിൽ നോട്ടിഫിക്കേഷനായി എത്തി. ഉടൻതന്നെ വിപിനൻ ഭാര്യ സരിതയെയും നാട്ടുകാരെയും വിവരമറിയിച്ചു. പൊലിസും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടിരുന്നു.
മോഷ്ടാവ് ഉപേക്ഷിച്ച കമ്പിപ്പാരയും വെട്ടുകത്തിയും ഗുരുവായൂർ പൊലിസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."