ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാരക്കാസ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തടവിലാക്കാൻ അമേരിക്ക നടത്തിയ മിന്നൽ സൈനിക നടപടിയിൽ 40 പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മഡൂറോയെ പിടികൂടാനായി കാരക്കാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലും സ്പെഷ്യൽ ഫോഴ്സിന്റെ നീക്കത്തിലുമാണ് ഇത്രയധികം പേർക്ക് ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഉൾപ്പെടുന്നുവെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നാശത്തിന്റെ രണ്ട് മണിക്കൂർ
ഏകദേശം 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന സൈനിക നടപടിയിൽ ആദ്യം അമേരിക്കൻ യുദ്ധവിമാനങ്ങൾ വെനിസ്വേലയുടെ റഡാർ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളും പൂർണ്ണമായും തകർത്തു. ഇതിന് പിന്നാലെ കാരക്കാസ് വിമാനത്താവളത്തിന് സമീപമുള്ള മൂന്ന് നില കെട്ടിട സമുച്ചയം അമേരിക്കൻ ബോംബിംഗിൽ തകർന്നു. ഇവിടെ താമസിച്ചിരുന്ന 80 കാരിയായ റോസ ഗോൺസാലസ് ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടു. കാരക്കാസിൽ നിലവിൽ വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
പിടികൂടിയത് പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ്
റഡാർ സംവിധാനങ്ങൾ തകർത്തതിന് പിന്നാലെ അത്യാധുനിക ഹെലികോപ്റ്ററുകളിൽ എത്തിയ യുഎസ് സ്പെഷ്യൽ ഫോഴ്സ് പ്രസിഡന്റിന്റെ കൊട്ടാരം വളയുകയായിരുന്നു. ഇവിടെ വെച്ചാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും സൈന്യം പിടികൂടിയത്. വെനിസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ അത്യാഗ്രഹമാണ് ഈ അധിനിവേശത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ട്രംപിന്റെ പ്രതികരണം
മഡൂറോയുടെ ഭരണകാലത്ത് ഉൽപ്പാദനം നിലച്ച എണ്ണപ്പാടങ്ങൾ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനികൾ തയ്യാറെടുത്തു കഴിഞ്ഞതായി ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വെനിസ്വേലയിൽ പുതിയ ഭരണകൂടം നിലവിൽ വരുന്നത് വരെ അമേരിക്കയുടെ മേൽനോട്ടത്തിലായിരിക്കും രാജ്യം ഭരിക്കപ്പെടുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, സമാധാനപരമായ അധികാര കൈമാറ്റത്തിനായി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് താൽക്കാലിക ചുമതലയേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."