52 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ഇനി അംഗീകാരം നേടാനുള്ള 14 തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ കുറവ് വന്നേക്കും
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി അംഗീകാരം നേടാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ 52 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 46 പഞ്ചായത്തുകളുടെയും അഞ്ച് നഗരസഭകളുടെയും ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികളാണ് ഇന്നലെ ആസൂത്രണ സമിതി അംഗീകരിച്ചത്. അതേസമയം ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍ ഇനിയും അംഗീകാരം നേടാന്‍ ബാക്കിയുണ്ട്. 11 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തുമാണ് ഇനിയും അംഗീകാരം നേടാനുള്ളത്. ഈ മാസം ആറിനും കഴിഞ്ഞ മാസം അവസാനവും നടന്ന ഡിപിസിയില്‍ 56 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് നേരത്തെ അംഗീകാരം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മൊത്തമുള്ളത് 122 തദ്ദേശ സ്ഥാപനങ്ങളാണ്.
അതേസമയം പദ്ധതി സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചതിനാല്‍ ഈ മാസം 30ന് മുമ്പായി വാര്‍ഷിക പദ്ധതി ഡി.പി.സിക്ക് സമര്‍പ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തതില്‍ നിന്നും 5 ശതമാനവും 30ന് ശേഷം സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 10 ശതമാനം തുകയും കുറച്ച് വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി പദ്ധതി അംഗീകാരം നേടുന്നവരുടെ പദ്ധതി വിഹിതത്തില്‍ കുറവുണ്ടാവും.
പദ്ധതി അംഗീകാരം നേടാനുള്ള സമയ പരിധി സര്‍ക്കാര്‍ ഇതിനകം നാലു തവണ നീട്ടിയിട്ടുണ്ട്. ഒടുവില്‍ പ്രഖ്യാപിച്ച തിയതിയായിരുന്നു ഇന്നലെ. എന്നാല്‍ ഈ തിയതിക്കുള്ളിലും മുഴുവന്‍ അംഗീകാരം നേടാനായില്ല. നഗരസഭകളില്‍ മഞ്ചേരിയും പൊന്നാനിയുമാണ് ഇനിയും അംഗീകാരം നേടാന്‍ ബാക്കിയുള്ളത്.
അതേസമയം മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും അംഗീകാരം നേടിയുട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചതാണ് പദ്ധതി അംഗീകാരം വൈകാനുള്ള കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."