തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍, അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കിയേക്കും
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെതിരെ ബാര്‍ കൗണ്‍സില്‍ അച്ചടക്ക നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആന്റണി രാജുവിന് നോട്ടിസ് നല്‍കുമെന്നാണ് സൂചന. വിശദമായി കേട്ടശേഷമായിരിക്കും തുടര്‍നടപടി ഉണ്ടാവുക.
ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാര്‍ കൗണ്‍സില്‍. അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത ബാര്‍ കൗണ്‍സിലില്‍ തീരുമാനമെടുക്കും.
അതേസമയം, കേസില്‍ കേസില്‍ ആന്റണി രാജുവിനും വഞ്ചിയൂര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയില്‍ അപ്പീലിന് പ്രോസിക്യൂഷന്‍ ഇന്ന് നടപടികള്‍ ആരംഭിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മന്‍മോഹന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികള്‍ക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണെന്നും മൂന്നു വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഇത് പര്യാപ്തമല്ലെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.
കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയശേഷം അയോഗ്യതയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നുവര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ എം.എല്‍.എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടിരുന്നു.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജുവിന് തടവും പിഴയും വിധിച്ചത്. കൂട്ടുപ്രതിയായ മുന്‍ തൊണ്ടി ക്ലര്‍ക്ക് ജോസിനും ഉദ്യോഗസ്ഥ വഞ്ചനക്ക് ഒരു വര്‍ഷം അധിക തടവും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടികള്‍ക്കൊടുവില്‍, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിധി വരുന്നത്.
the bar council is set to initiate disciplinary proceedings against minister antony raju in the thondimuthal case, with the possibility of suspension or removal from legal practice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."