'ബംഗ്ലാദേശികളെ നാടുകടത്തും, മറാത്തി ഹിന്ദുവിനെ മുംബൈയുടെ മേയറാക്കും' വിദ്വേഷ പ്രസ്താവനയുമായി ഫഡ്‌നാവിസ്
മുംബൈ: വിദ്വേഷ പ്രസ്താവനയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി മുംബൈയില്‍ നിന്നും പുറത്താക്കുമെന്നും മറാത്തി ഹിന്ദുവിനെ മുംബൈയുടെ മേയറാക്കുമെന്നുമാണ് ഫഡ്‌നാവിസിന്റെ പ്രസ്താവന. രാജ്യത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പ്രസ്താവന.
ജനുവരി 15ന് നടക്കുന്ന ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നിന് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ റാലിയായിരുന്നു അത്.
'മുംബൈയിലെ ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയും. അവസാന കുടിയേറ്റക്കാരനേയും മുംബൈയില്‍ നിന്ന് നാടുകടത്തും' ഫഡ്‌നാവിസ് പറഞ്ഞു. ബുര്‍ഖ ധരിച്ചയാള്‍ മുംബൈ മേയറാകുന്നതിനെ കുറിച്ച് ചിലര്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍, മറാത്തി ഹിന്ദു മാത്രമേ മുംബൈയുടെ മേയറാകൂ- ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
നഗരത്തിന്റെ മേയറായി ഖാന്‍ വിഭാഗത്തില്‍ നിന്നുള്ളയാളെ കൊണ്ടു വരില്ലെന്ന് നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ അമീത് സതാമും പ്രഖ്യാപിച്ചിരുന്നു.
17,000 കോടി രൂപയുടെ പരിസ്ഥിതി ബജറ്റ് മുംബൈക്കായി കൊണ്ടു വരുമെന്നും റാലിയെ അഭിസംബോധന ചെയ്ത് ഫഡ്‌നാവിസ് വ്യക്തമാക്കി. പദ്ധതിയുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ഉള്‍പ്പടെ മുംബൈയിലെ 29 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ജനുവരി 15ന് നടക്കുന്നത്. ജനുവരി 16നാണ് വോട്ടെണ്ണല്‍. ബൃഹാന്‍ മുംബൈ കോര്‍പ്പറേഷനില്‍ 227 ഇലക്ടോറല്‍ വാര്‍ഡുകളാണ് ഉള്ളത്. ഇക്കുറി മികച്ച ഭൂരിപക്ഷത്തില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
ബിഹാറിലും മഹാരാഷ്ട്രയിലും ബംഗാളികൾക്കു നേരെ ആക്രമണം
പട്‌ന/മുംബൈ: രാജ്യത്ത് വീണ്ടും ബംഗാളി കുടിയേറ്റത്തൊഴിലാളികള്‍ക്ക് നേരെ വിദേശിയെന്നാരോപിച്ചുള്ള ആക്രമണം തുടരുന്നു. ബിഹാറിലും ബംഗ്ലാദേശിലുമാണ് ഏറ്റവും ഒടുവിലായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ബിഹാറിലെ മധുബനി ജില്ലയില്‍ രാജ്‌നഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചക്ദാ പ്രദേശത്തുവച്ച് നൂര്‍ഷദ് ആലം എന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്.
രക്തം വാര്‍ന്ന നിലയിലുള്ള നൂര്‍ഷദ് ആലമിനോട് രണ്ട് പേര്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ചോദിക്കുകയും അവ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും നമ്പറുകളാണെന്ന് ആരോപിച്ച് മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും കാണാം. ബംഗാളിലെ സുപൗള്‍ ജില്ലയിലെ ബിര്‍പൂര്‍ സ്വദേശിയായ ആലം, കെട്ടിട നിർമാണ തൊഴിലാളിയാണ്. സംഭവത്തില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാളിലെ പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ പാണ്ഡബേശ്വറില്‍ നിന്നുള്ള ദിലീപ് ബാഗ്ഡി, സമീര്‍ ബാരുയി എന്നിവരുള്‍പ്പെടെ മൂന്ന് തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ ആക്രമണത്തിനിരയായത്. റെയിൽവേ സ്റ്റേഷനിൽവച്ച് ബംഗാളി ഭാഷയില്‍ സംസാരിച്ച ഇവരെ 'ബംഗ്ലാദേശികള്‍' എന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ചൂടുള്ള ചായ തലയില്‍ ഒഴിക്കുകയും തലക്കും വയറ്റിലും ചവിട്ടിയതായും തൊഴിലാളികള്‍ പറഞ്ഞു.
maharashtra chief minister devendra fadnavis said bangladeshi immigrants would be identified and deported from mumbai and that only a marathi hindu would become mayor, ahead of bmc elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."